ബത്തേരി: ബത്തേരിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഞ്ചുവയസുകാരനു പിതാവില്‍ നിന്നു ക്രൂരമര്‍ദനം. വാടകയ്ക്ക് താമസിക്കുന്ന മൈസൂരു ഉദയഗിരി സ്വദേശികളായ പ്രീതം-ദേവി ദമ്പതികളുടെ മകനാണ് ക്രൂരമര്‍ദനവും പൊളളലുമേറ്റത്. ജനനേന്ദ്രിയത്തിലടക്കം പൊള്ളലേറ്റ കുട്ടി ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കഴുത്തിലും വയറിലും കാലിലും കൈയിലും അടികൊണ്ട പാടുകളുണ്ട്. 10/12/2022 രാവിലെ മാതാവ് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ കഴുത്തിലെ പാടുകള്‍ കണ്ട് പരിശോധിച്ചപ്പോഴാണ് ദേഹത്ത് അടിയേറ്റതും പൊള്ളലേറ്റതുമായ പാടുകള്‍ കണ്ടതെന്ന് ആശുപത്രിയിലെത്തിക്കാന്‍ ഒപ്പമുണ്ടായിരുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദ് അസ്ലം പറഞ്ഞു. എന്നാല്‍ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റത് കറിവീണാണന്നും പൊള്ളിച്ചതല്ലെന്നും മോശം വാക്ക് ഉപയോഗിച്ചതിനാണ് പിതാവ് മര്‍ദിച്ചതെന്നും മാതാവ് പറഞ്ഞു.
മൂന്നു ദിവസം മുമ്പാണ് സംഭവം നടന്നതായി പറയുന്നത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നിലവിലെ മുറിവുകള്‍ക്ക് മരുന്നുകള്‍ നല്‍കിയാതായും മറ്റ് ആരോഗ്യപരമായ പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടിയുടെ പിതാവ് പ്രീതം പെയ്ന്റിങ് തൊഴിലാളിയാണ്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നു സംഭവത്തില്‍ പോലീസ് കേസെടുത്തു.

