എന്റിക്വെ സ്ഥാനമൊഴിഞ്ഞു

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ലൂയിസ് എന്റിക്വെ സ്പാനിഷ് ടീം കോച്ച് സ്ഥാനമൊഴിഞ്ഞു. മൊറോക്കോ സ്‌പെയിനെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചിരുന്നു. അണ്ടര്‍ 21 ടീം കോച്ച് ലൂയിസ് ഡി ലാ ഫ്യു എന്റിക്വെയുടെ പിന്‍ഗാമിയാകും.

പുതിയ പദ്ധതികള്‍ ആരംഭിക്കണമെന്ന് ആര്‍.എഫ്.ഇ.എഫ്. (സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍) തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സമീപകാലത്ത് സ്പാനിഷ് ഫുട്ബോള്‍ കരസ്ഥമാക്കിയ നേട്ടങ്ങളുടെ തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതിയ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

12/12/2022 തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ പുതിയ കോച്ചിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രീ ക്വാര്‍ട്ടര്‍ നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിതമായതിനാല്‍ ഷൂട്ടൗട്ട് അനിവാര്യമായി. ഷൂട്ടൗട്ടില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാതെയാണ് (3-0) സ്പെയിന്‍ തോറ്റത്.2018 ലോകകപ്പില്‍ റഷ്യയോട് തോറ്റ് സ്പെയിന്‍ പുറത്തായതിന് പിന്നാലെയായിരുന്നു ലൂയിസ് എന്റിക്വെ കോച്ച് സ്ഥാനമേറ്റെടുത്തത്. 2020 യൂറോ കപ്പില്‍ ടീം സെമി ഫൈനല്‍ വരെയെത്തി. ഖത്തറില്‍ കോസ്റ്റാറിക്കയെ 7-0 ത്തിനു തോല്‍പ്പിച്ചാണു സ്‌പെയിന്‍ തുടങ്ങിയത്. സ്‌പെയിന്റെ അടുത്ത മത്സരം നോര്‍വേയ്‌ക്കെതിരേയാണ്. 2024 യൂറോ യോഗ്യതാ റൗണ്ട് മത്സരം മാര്‍ച്ചിലാണ്.

Share
അഭിപ്രായം എഴുതാം