തലശേരി: എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ നല്‍കിയ റാഗിങ് കേസില്‍ പന്തീരങ്കാവ് യു.എ.പി.എ. കേസിലെ പ്രതിയും കണ്ണൂര്‍ പാലയാട് ലീഗല്‍ സ്റ്റഡീസിലെ നിയമ വിദ്യാര്‍ഥിയുമായി അലന്‍ ഷുഹൈബിന് തുണയായത് സിസിടിവി. റാഗിങ് കേസ് നിലനില്‍ക്കില്ലെന്ന ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ കോളജിലെ എസ്.എഫ്.ഐ. യൂണിയന് തിരിച്ചടിയായി. നേരത്തെ തന്നെ അലന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ കോളജിലെ അക്രമണങ്ങളില്‍ പ്രതിഷേധിച്ചു രംഗത്തുവന്നിരുന്നു. നിരവധി വിദ്യാര്‍ഥികളാണ് അലനൊപ്പം കൂടിയത്. ഇതോടെ അലന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നേതൃത്വം രംഗത്തെത്തിയിരുന്നു. റാഗിങ് പരാതി വ്യാജമാണെന്ന ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ അലനും പിന്തുണ കൊടുത്തവരും വീണ്ടും സജീവമായി.
കോളജില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അലനു രക്ഷയായത്. കാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും എസ.്എഫ്.ഐ. നേതാവുമായ അദിന്‍ സുബി നല്‍കിയ റാഗിങ് പരാതിയാണ് തെറ്റാണെന്നു കണ്ടെത്തിയത്. വിദ്യാര്‍ഥിയെ അലന്‍ റാഗ് ചെയ്തിട്ടില്ലെന്നു കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണു റാഗിങ് ആയി ചിത്രീകരിച്ചു പരാതി നല്‍കിയത്.
ബദറുദ്ദീന്‍ എന്ന വിദ്യാര്‍ഥിയുമായി അദിന്‍ സുബി വഴക്കുണ്ടാക്കുന്നതും അലന്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ അങ്ങോട്ടെത്തുന്നതുമാണു സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായത്. അദിന്‍ സുബിയാണു തര്‍ക്കം തുടങ്ങിയതെന്നു ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണെന്നും ആന്റി റാഗിങ് കമ്മിറ്റി കണ്ടെത്തി. ഡോ. എസ്.മിനിയുടെ നേതൃത്വത്തിലുള്ള 13 അംഗ റാഗിങ് വിരുദ്ധ കമ്മിറ്റിയാണു കുട്ടികളില്‍നിന്നു മൊഴിയെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനു കോളജില്‍ കെ.എസ്.യു-എസ്.എഫ്.ഐ. സംഘര്‍ഷമുണ്ടാവുകയും പിന്നാലെ പോലീസെത്തി വിദ്യാര്‍ഥികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണു പിറ്റേദിവസം അദിന്‍ സുബി അലനും ബദറുദ്ദീന്‍ എന്ന മറ്റൊരു വിദ്യാര്‍ഥിക്കുമെതിരേ പോലീസില്‍ റാഗിങ് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത പോലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
ഇതിനു പിന്നാലെ പന്തീരങ്കാവ് കേസിലെ ജാമ്യവ്യവസ്ഥകള്‍ അലന്‍ ഷുഹൈബ് ലംഘിച്ചെന്നു കാണിച്ച് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍.ഐ.എയും രംഗത്തെത്തി. മറ്റൊരു കേസില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് അലന്‍ ഷുഹൈബിനു ജാമ്യം നല്‍കിതെന്നും ഇതു ലംഘിക്കപ്പെട്ടുവെന്നും അലന്‍ റാഗിങ് കേസില്‍ അറസ്റ്റിലായെന്നും കാണിച്ച് എന്‍.ഐ.എ. കോടതിയിലെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍ണായക തെളിവുമായി റാഗിങ് വിരുദ്ധ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്.