കാട്ടാന ശല്യം: കൃഷിയിടങ്ങള്‍ നശിപ്പിച്ചു

വാണിമേല്‍: വിലങ്ങാട് പാലൂര് മേഖലകളില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഒറ്റയാനുള്‍പെടെ അഞ്ചംഗ കാട്ടാനക്കൂട്ടമാണ് ദിവസങ്ങളായി കൃഷിയിടങ്ങളില്‍ മേയുന്നത്. തെങ്ങും, കവുങ്ങും, റബറും, വാഴയും ഉള്‍പെടെയുള്ള നിരവധി കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. പകല്‍ സമയങ്ങളിലും കാട്ടാനകള്‍ കൃഷിഭൂമിയിലിറങ്ങുകയാണ്. ആനകളെ തുരത്തുന്നതിന് യാതൊരു നടപടിയും വനംവകുപ്പ് ചെയ്യുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കാറ്റ് കൂടുമെന്നതിനാല്‍ കാട്ടില്‍ നിന്ന് കൂടുതല്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുകയാണ്. ഈ വര്‍ഷം ത്തന്നെ നിരവധി തവണയാണ് വിലങ്ങാട് മേഖലയില്‍ കാട്ടാനയിറങ്ങിയത്. വനം വകുപ്പ് സത്വര നടപടി സ്വീകരിക്കാത്തതില്‍ കര്‍ഷകര്‍ക്ക് പ്രതിഷേധമുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. ആനകളെ തുരത്തുന്നതിനും, പാലൂര് മേഖലയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കര്‍ഷകരെ അണിനിരത്തി വനംവകുപ്പിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കര്‍ഷക സംഘം വിലങ്ങാട് മേഖലാ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →