തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി മുന്‍ ഡ്രൈവര്‍ വിളവൂര്‍ക്കല്‍ സ്വദേശി ബി. വിനുകുമാറിന് തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊലപ്പെടുത്താനായി ഭക്ഷണത്തില്‍ സ്ലോ പോയ്‌സണ്‍ കലര്‍ത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഡിസംബര്‍ 3 മുതല്‍ 6 വരെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണം, ഇരയുമായോ പ്രധാന സാക്ഷികളുമായോ നേരിട്ടോ മറ്റു തരത്തിലോ ആശയ വിനിമയം പാടില്ല, മജിസ്‌ട്രേട്ട് കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ 50,000 രൂപയുടെ ജാമ്യബോണ്ടില്‍ വിട്ടയയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.



