പൂനെ: സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ സതീഷ് ദേശ്പാണ്ഡെയെ തെറ്റിദ്ധരിപ്പിച്ച് 1.01 കോടി രൂപ വിവിധ അക്കൗണ്ടുകള്‍ വഴി തട്ടിയെടുക്കുകയായിരുന്നെന്ന് പുനെ പോലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെ ഇനിയും കണ്ടെത്താനുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ. അദാര്‍ പുനെവാലയുടേതെന്ന മട്ടില്‍ പ്രതികള്‍ സതീഷ് ദേശ്പാണ്ഡെയ്ക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. എട്ടു വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു സന്ദേശം. പുെനാവാലയുടെ സന്ദേശമാണെന്നു വിശ്വസിച്ച സതീഷ് ദേശ്പാണ്ഡെ ആ അക്കൗണ്ടുകളിലേക്ക് 1.01 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍ നടന്നതു വഞ്ചനയായിരുന്നെന്നു പിന്നീടാണു മനസിലായത്.
ഇതുമായി ബന്ധപ്പെട്ടു നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏഴു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ അക്കൗണ്ടുകളിലേക്കാണു പണം കൈമാറ്റം ചെയ്യപ്പെട്ടതെന്നു വ്യക്തമായിട്ടുണ്ട്. ഈ അക്കൗണ്ടുകളും ഇവയില്‍ നിന്ന് വീണ്ടും പണമിടപാടുകള്‍ നടന്നവയും ഉള്‍പ്പെടെ 40 അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. ഇവയിലുള്ള 13 ലക്ഷം രൂപ ഇതോടെ മരവിപ്പിക്കപ്പെട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സ്മാര്‍ത്താന പാട്ടീല്‍ അറിയിച്ചു.
കേസില്‍ ഉള്‍പ്പെട്ട മൂന്നു പ്രതികളെ പുനെ സിറ്റി പോലീസിന്റെ സൈബര്‍ യൂണിറ്റാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇവര്‍ ഉള്‍പ്പെടെയുള്ള ഏഴുപേരാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പണം തട്ടിയ കേസില്‍ ഇതുവരെ അറസ്റ്റിലായത്. എന്നാല്‍ പ്രധാന പ്രതിയെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.