കണ്ണില്‍ മുളക് സ്‌പ്രേ അടിച്ച് 9.5 ലക്ഷം കവര്‍ന്ന ആറംഗസംഘം പിടിയില്‍

മലപ്പുറം: ഹൈവേ കേന്ദ്രീകരിച്ചു കവര്‍ച്ച നടത്തുന്ന ആറംഗ സംഘം പിടിയില്‍. കഴിഞ്ഞ ഒക്‌ടോബര്‍ 28 നു കോഴിക്കോട് പാലക്കാട് ഹൈവേയില്‍ നെടിയിരുപ്പ് വച്ച് സ്‌കൂട്ടറില്‍ പണവുമായി പോവുകയായിരുന്ന വള്ളുവമ്പ്രം സ്വദേശിയെ തടഞ്ഞ് കണ്ണില്‍ മുളക് സ്‌പ്രേ അടിച്ച് ആക്രമിച്ച് 9.5 ലക്ഷം കവര്‍ച്ച ചെയ്ത സംഭവത്തില്‍ തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കവര്‍ച്ചാ സംഘമാണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.

അച്ഛനും മകനും ഉള്‍പ്പെട്ട ആറംഗ സംഘമാണ് പിടിയിലായത്. തൃശൂര്‍ കൊടകര സ്വദേശി ജാക്കി ബിനു എന്ന പന്തവളപ്പില്‍ ബിനു(40), നെല്ലായി സ്വദേശി തൈവളപ്പില്‍ ഹരിദാസന്‍ (54), തൈവളപ്പില്‍ നിശാന്ത് (22), വടക്കേകാട് കല്ലൂര്‍ സ്വദേശി അക്ഷയ്(21), അമ്മാടം സ്വദേശികളായ കിഴക്കേ കുണ്ടില്‍ നവീന്‍(28 ), ആനക്കാരന്‍ സുധി (25) എന്നിവരാണു പിടിയിലായത്.

പ്രതികളെ ചോദ്യം ചെയ്തതില്‍ ആറുമാസം മുന്‍പ് വള്ളുവമ്പ്രത്തുവച്ച് 35 ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്ത സംഭവത്തിനും തുമ്പായി. പിടിയിലായ ഹരിദാസന്‍ വിവിധ ജില്ല കളിലായി ലഹരിക്കടത്ത്, കവര്‍ച്ച ഉള്‍പ്പെടെ 35ഓളം കേസുകളിലെ പ്രതിയാണ്. ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാലകള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പിടിക്കപ്പെട്ട് രണ്ടുമാസം മുന്‍പാണ് ജാക്കി ബിനു ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാളുടെ പേരിലും കവര്‍ച്ച, മോഷണം ഉള്‍പ്പെടെ 20ഓളം കേസുകള്‍ ഉണ്ട്. പിടിയിലായ നിശാന്തിന് വ്യാജ കറന്‍സി വിതരണം ചെയ്യാന്‍ ശ്രമിച്ചതിന് പിടിയിലായിട്ടുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങും. എ.എസ്.പി വിജയ് ഭാരത് റെഡിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ മനോജ്, എസ്.ഐ. നൗഫല്‍, ഡന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →