റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരീക്ഷ കഴിഞ്ഞ് 19-ാം നാള്‍ ബി.എഡ് ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല

November 17, 2022 - 9:04 pm

തേഞ്ഞിപ്പലം: പരീക്ഷ കഴിഞ്ഞ് 19-ാം ദിവസം ബി.എഡ് ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. സങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷാ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഫലമാണ് അതിവേഗം പുറത്തുവിട്ടത്. ഒക്‌ടോബര്‍ 28-നാണ് ബി.എഡ്. പരീക്ഷ അവസാനിച്ചത്.

ചോദ്യക്കടലാസുകള്‍ പോര്‍ട്ടലിലേക്ക് ഇ-മെയില്‍ വഴി നല്‍കിയും ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിനുപകരം ബാര്‍കോഡ് ഉപയോഗിച്ചും മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ചും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ കേന്ദ്രത്തിലെത്തിക്കാന്‍ തപാല്‍ വകുപ്പിന്റെ സേവനവും തേടി.

14 പ്രവൃത്തിദിവസങ്ങള്‍ക്കൊണ്ട് ഫലംനല്‍കാന്‍ കഴിഞ്ഞതു സാങ്കേതികവിദ്യയുടെ വിജയമാണെന്ന് ഫലപ്രഖ്യാപനം നിര്‍വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ഇതിനാവവശ്യമായ സോഫ്റ്റ്‌വെയറുകളെല്ലാം ഒരുക്കിയത് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ്. 72 കോളേജുകളിലെ 5142 പേര്‍ സപ്ലിമെന്ററി പരീക്ഷയുള്‍പ്പെടെ എഴുതിയതില്‍ 5049 പേര്‍ വിജയിച്ചു. അഞ്ചു ജില്ലകളിലായിരുന്നു മൂല്യനിര്‍ണയ ക്യാമ്പ്. 19500 ഉത്തരക്കടലാസുകളാണ് പരിശോധിച്ചത്. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ് സ്ഥിരസമിതി കണ്‍വീര്‍ ഡോ. ജി. റിജുലാല്‍, സിന്‍ഡിക്കേറ്റംഗം കെ.കെ. ഹനീഫ, മഞ്ചേരി തപാല്‍ ഡിവിഷന്‍ സൂപ്രണ്ട് വി.പി. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *