ബംഗളൂരു: ദക്ഷിണേന്ത്യയില്‍ പിടിമുറുക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി. തുടരുന്നതിനിടെ കേരളമൊഴികെയുള്ള നാലു സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. 11/11/2022 ആരംഭിച്ച പര്യടനത്തില്‍ വിവിധയിടങ്ങളിലായി പ്രധാനമന്ത്രി നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും ഏകദേശം 25,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും.
കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ നാലു സംസ്ഥാനങ്ങളാണ് രണ്ടു ദിവസത്തിനിടെ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കുകയും പല സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
രാജ്യത്തിന്റെ വളര്‍ച്ചയുടെ പാത ശക്തിപ്പെടുത്തുകയാണ് തന്റെ സന്ദര്‍ശന ഉദ്ദേശ്യമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ദക്ഷിണേന്ത്യയില്‍ വന്‍ജനക്കൂട്ടത്തെ ആകര്‍ഷിച്ച കോണ്‍ഗ്രസിന്റെ ‘ഭാരത് ജോഡോ’ യാത്രയെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും വ്യാഖ്യാനമുണ്ട്.ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിനായ ചെന്നൈ മൈസൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് ഇന്നലെ ബംഗളൂരുവിലെ കെ.എസ്.ആര്‍ റെയില്‍വേ സ്റ്റഷനില്‍ പ്രധാനമന്ത്രി ഫല്‍ഗ് ഓഫ് ചെയ്തു. ബംഗളൂരുവിലെ വിദാന്‍ സൗധയിലെ കവി കനകദാസിന്റെയും മഹര്‍ഷി വാല്മീകിയുടെയും പ്രതിമകളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. നഗരത്തിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലും ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി വിമാനത്താവളത്തില്‍ കെംപഗൗഡയുടെ 108 അടി വെങ്കല പ്രതിമയും അനാച്ഛാദനം ചെയ്തു.
ഉച്ചയ്ക്കു തമിഴ്നാട് ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദദാന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും വിവാദമായ നീറ്റ് ഒഴിവാക്കല്‍ ബില്ലും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഡി.എം.കെ സര്‍ക്കാര്‍ കേന്ദ്രവുമായി കലഹത്തിലാണ്.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 10,500 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഇന്നു നിര്‍വഹിക്കും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ രാമഗുണ്ടത്തില്‍ 9,500 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി പിന്നീട് നിര്‍വഹിക്കും.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പിയുടെയും കടുത്ത വിമര്‍ശകനാണ്. ബി.ജെ.പി. തെലങ്കാനയിലും ചുവടുറപ്പിക്കാന്‍ ശ്രമം തുടങ്ങിയതോടെയാണ് റാവുവുമായി ഇടഞ്ഞത്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരേ വിശാല പ്രതിപക്ഷസഖ്യം രൂപീകരിക്കുന്നതിനായി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള യാത്രയിലാണ് അദ്ദേഹം.കേരളത്തിലും തമിഴ്നാട്ടിലും തെലങ്കാനയിലും ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്.

