നെടുമ്പാശേരി: ജോലി വാഗ്ദാനം ചെയ്തു യുവതിയെ വിദേശത്തെത്തിച്ചു കബളിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തെലങ്കാന മരിയാമ്പൂര്‍ മുഹമ്മദ് ഷാദുല്‍ (25), ഈസ്റ്റ് ഗോദാവരി കോശവദാസുപാളയം സുരേഷ് (25) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. 36 വയസുള്ള പഞ്ചാബ് സ്വദേശിനിയെയാണ് ഇവര്‍ കബളിപ്പിച്ചു വിദേശത്തെത്തിച്ചത്.
അറുപതിനായിരം രൂപ വാങ്ങി സംഘം അമൃത്‌സര്‍ വിമാനത്താവളത്തില്‍നിന്നു മസ്‌കറ്റ് വഴി കുവൈത്തിലെത്തിക്കുകയായിരുന്നു. വിസിറ്റിങ് വിസയിലാണ് കൊണ്ടുപോയത്. വീട്ടുജോലി എന്നാണ് പറഞ്ഞിരുന്നത്. അവിടെ പല വീടുകളില്‍ ദാസ്യവേല ചെയ്യിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോടു പറഞ്ഞു. ഇന്ത്യയിലേക്കു മടങ്ങിയ യുവതിയെ വിമാനത്താവളത്തില്‍നിന്നു തട്ടിക്കൊണ്ടുപോകാന്‍ പ്രതികളെത്തിയപ്പോഴാണു നെടുമ്പാശേരി പോലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്.ഐമാരായ സി.എല്‍. ജയന്‍, സുധീര്‍, എ.എസ്.ഐ: പ്രമോദ്, എസ്.സി.പി.ഒമാരായ ലീല, പ്രീത തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.