കൊച്ചി: തർക്കവിഷയങ്ങളിൽ പൊതുസംവാദത്തിനു തയാറുണ്ടോ എന്നു സിപിഎമ്മിനോടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . രാജ്ഭവനിലേക്കു നടത്തുന്ന മാർച്ച് താൻ സ്ഥലത്തുള്ള ദിവസം നോക്കി തീരുമാനിച്ചാൽ പൊതുസംവാദത്തിനു തയാറാണെന്നും ഗവർണർ പറഞ്ഞു.
കേരളത്തിൽ ഭരണഘടനാത്തകർച്ച സൃഷ്ടിക്കാനുള്ള ശ്രമം സിപിഎം തുടങ്ങിയതായി ആരോപിച്ച അദ്ദേഹം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാനും ധൈര്യമുണ്ടെങ്കിൽ രാജ്ഭവനിലേക്കു തള്ളിക്കയറാനും തന്നെ റോഡിൽവച്ചു കൈകാര്യം ചെയ്യാനും വെല്ലുവിളിച്ചു. ഭരണഘടനാത്തകർച്ചയെന്ന വാക്ക് ശ്രദ്ധാപൂർവം ആലോചിച്ചു പറയുന്നതാണെന്നു ഗവർണർ എടുത്തുപറഞ്ഞു.
താൻ ആരാണെന്ന് ഗവർണർക്കു ശരിക്കറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം പരാമർശിക്കവെ, മുഖ്യമന്ത്രിയെ പൂർണമായി അറിയില്ലെങ്കിലും ചിലതൊക്കെ അറിയാമെന്ന് ഗവർണർ പറഞ്ഞു.പണ്ടു നടന്നതെന്ന പേരിൽ ഒരു കഥ രണ്ടു തവണ ഗവർണർ പരാമർശിച്ചു. ‘പണ്ട് ഒരു കൊലക്കേസിൽ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാൻ ചെന്ന പിണറായി ഒരു യുവ ഐപിഎസ് ഓഫിസർ തോക്കെടുത്തപ്പോൾ 15 മിനിറ്റിനകം വീട്ടിൽപോയി വസ്ത്രം മാറി വന്ന കാര്യമറിയാം’.



