നരബലി കേസ്: കുറ്റപത്രം തയാറാക്കല്‍ വേഗത്തിലാക്കി അന്വേഷണ സംഘം

കൊച്ചി: ഇരട്ട നരബലി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ജോലികള്‍ വേഗത്തിലാക്കി അന്വേഷണ സംഘം. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു തെളിവെടുക്കുന്ന നടപടി പൂര്‍ത്തിയാക്കിയതോടെയാണു അന്വേഷണം അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചത്.

രണ്ടു കൊലക്കേസിലും 90 ദിവസത്തിനകം കുറ്റപത്രം നല്‍കി പ്രതികളെ വിചാരണതടവുകാരാക്കി നിലനിര്‍ത്താനാണു ക്രൈംബ്രാഞ്ചിന്റെ നീക്കം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 19 വരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

വൈകാതെ ഡി.എന്‍.എ, ഫിംഗര്‍പ്രിന്റ് പരിശോധനയുടെ പൂര്‍ണഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. പദ്മയുടെ ശരീരഭാഗങ്ങള്‍ പരിശോധിച്ചതില്‍ ഡി.എന്‍.എ. തിരിച്ചറിഞ്ഞു. ഒന്നാം പ്രതി ഷാഫി (റഷീദ്), രണ്ടാം പ്രതി ഭഗവത്‌സിങ് എന്നിവരെ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്കും മൂന്നാം പ്രതി ലൈലയെ കാക്കനാടു ജയിലിലേക്കും മാറ്റി. പ്രതികളുടെ മൊഴികളില്‍നിന്ന് അവര്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടില്ല. എങ്കിലും ശാസ്ത്രീയ പരിശോധനാഫലം വരുന്നതു കാത്തിരിക്കുകയാണു അന്വേഷണ സംഘം. .
ഇലന്തൂര്‍ ദമ്പതികളുടെ വീടിന്റെ പരിസരത്തു കണ്ടെത്തിയ മൃതദേഹഭാഗങ്ങളുടെ ഡി.എന്‍.എ. പരിശോധന ഫലം പൂര്‍ണമായി പുറത്തു വരുന്നതോടെ ഇതുസംബന്ധിച്ച സംശയങ്ങള്‍ തീരും. പത്മ, റോസ്‌ലി എന്നിവരുടെ അടുത്ത ബന്ധുക്കളുമായി പൊരുത്തപ്പെടാത്ത ഏതെങ്കിലും ഡി.എന്‍.എ. സാംപിള്‍ കണ്ടെത്തിയാല്‍ മാത്രം പുതിയ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണു പോലീസിനു ലഭിച്ചിട്ടുള്ള നിയമോപദേശം.

അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണു പ്രതിഭാഗത്തിന്റെ നീക്കം. എന്നാല്‍ ഡി.എന്‍.എ. ഫലങ്ങള്‍ പൂര്‍ണമായി പുറത്തുവരും മുമ്പു പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്നാണു പോലീസിന്റെ നിലപാട്. സംശയകരമായി എന്തെങ്കിലും തിരിച്ചറിഞ്ഞാല്‍, അതു അന്വേഷണത്തില്‍ വഴിത്തിരിവാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →