നരബലി: റോസിലിയുടെ കൊല തെളിയിക്കാന്‍ ഡിജിറ്റല്‍ പരിശോധനയ്ക്ക് പോലീസ്

കൊച്ചി: ഇലന്തൂര്‍ ഇരട്ട ആഭിചാര കൊലക്കേസില്‍ പ്രതികളുടെ കസ്റ്റഡി നവംബര്‍ 5ന് അവസാനിക്കും. റോസിലി കൊലക്കേസില്‍ കാലടി പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതികളുള്ളത്. സംഭവം നടന്ന ഇലന്തൂരിലായിരുന്നു പ്രതികളുമായി 03/11/2022 തെളിവെടുപ്പ്. ഇരകളുടെ മൊെബെല്‍ ഫോണിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല.ഡി.എന്‍.എ. ഫിംഗര്‍പ്രിന്റില്‍ പദ്മയുടെ ശരീരഭാഗം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും റോസിലിയെ തിരിച്ചറിയാന്‍ കഴിയാത്തത് അന്വേഷണത്തില്‍ വെല്ലുവിളിയാണ്. റോസിലിയെ കൊന്നതായി പ്രതികള്‍ സമ്മതിച്ചെങ്കിലും അതുതെളിയിക്കാന്‍ ശരീരഭാഗങ്ങള്‍ റോസിലിയുടേതാണെന്നു കണ്ടെത്തണം.

അല്ലാത്തപക്ഷം തങ്ങളെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാണെന്നു പ്രതികര്‍ക്കു വാദിക്കാം. അതിനാല്‍, ഡിജിറ്റല്‍ പരിശോധനയിലൂടെ പരമാവധി തെളിവു ശേഖരിയ്ക്കാനാണ് പോലീസിന്റെ ശ്രമം.സ്ഥിരം കുറ്റവാളിയായ ഷാഫിയില്‍ നിന്നു കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതും ഷാഫി പലതും മറച്ചുവയ്ക്കുന്നതും അന്വേഷണത്തെ ബാധിച്ചിരുന്നു. ഷാഫിയെ നുണപരിശോധനയ്ക്കു വിധേയമാക്കുന്നതു പരിഗണനയിലുണ്ട്. ഈ മാസം 28 നകം ഡി.എന്‍.എ. പരിശോധന ഫലം ലഭിക്കുമെന്നാണു കരുതുന്നത്.കേസില്‍ ദൃക്സാക്ഷിയില്ലാത്തതിനാല്‍, സാഹചര്യത്തെളിവുകള്‍ നിര്‍ണായകമാവും. ലൈലയുടെ സ്മാര്‍ട്ട് ഫോണ്‍ മാത്രമാണ് കിട്ടിയിട്ടുള്ളത്. റോസിലിയെ കട്ടിലില്‍ കെട്ടിയിട്ട ചിത്രം മായ്ചുകളഞ്ഞതായി ലൈല സമ്മതിച്ചു. ഒന്നാംപ്രതി മുഹമ്മദ് ഷാഫിയുടെ പേരില്‍ അഞ്ച് സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ട്. എന്നാല്‍, ഫോണൊന്നും കിട്ടിയിട്ടില്ല. ഇവരുടെയെല്ലാം ഫോണ്‍ കോള്‍ റെക്കോഡ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പുരോഗമിക്കുന്നത്.
അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണു പോലീസ്. 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം നടത്തുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കും.

അതേ സമയം, അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെങ്കിലും ഇനിയും തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. കൊല്ലപ്പെട്ട പത്മയുടെ കാലിലെ വെള്ളി കൊലുസും കണ്ടെത്തേണ്ടതുണ്ട്. മുഹമ്മദ് ഷാഫി, ലൈല, ഭഗവല്‍ സിംഗ് എന്നിവര്‍ക്ക് പുറമേ കൃത്യത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോയെന്നതിലും വ്യക്തത വന്നിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →