തിരുവനന്തപുരം: വിമാനത്തിന്റെ ചിറക് ഇടിച്ച് കെഎസ്ആർടിസി ബസ് തകർന്നു. നിരവധിപേർക്ക് പരിക്ക്. തിരുവനന്തപുരം ജംഗ്ഷന് സമീപം ട്രെയിലർ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന വിമാനച്ചിറകിടിച്ചാണ് ബസ് തകർന്നത്. 02/11/22 ബുധനാഴ്ച പുലർച്ചെ 1:30നാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.
വിമാനത്തിന്റെ ചിറക് ഇടിച്ചു കയറി ഡ്രൈവർ ഉൾപ്പെടെ അഞ്ചിലേറെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതകുരുക്കുണ്ടായി. ട്രെയിലർ വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്ക് പോവുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്.
30 വർഷം ആകാശത്ത് അനേകരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ എയർബസ് എ320 റസ്റ്റോറൻറ് ആയി പുനർനിർമ്മിക്കാൻ ആണ് ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്നത്. മൂന്നുവർഷംമുമ്പ് ആയിരുന്നു ഇതിൻറെ അവസാന പറക്കൽ. ന്യൂഡൽഹിയിൽ നിന്നും 186 ൽ അധികം യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക്. അതിനുശേഷം ചാക്കയിലെ ഹാങ്കർ യൂണിറ്റിന്റെ ഒഴിഞ്ഞ കോണിൽ കിടന്നിരുന്ന വിമാനം ഇവിടത്തെ എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിന് ആയിട്ടാണ് ഉപയോഗിച്ചിരുന്നത്. കാലാവധി കഴിഞ്ഞതോടെ ഇനി വിമാനം ഉപയോഗിക്കാനാവില്ലെന്ന് വ്യക്തമായതോടെ വിൽക്കുകയായിരുന്നു.
തിരുവനന്തപുരം-മുംബൈ- ഡൽഹി റൂട്ടിലും ഗൾഫ് രാജ്യങ്ങളിലും തുടർ സർവീസ് നടത്തിയിരുന്നതാണ് എയർ ഇന്ത്യയുടെ ഈ വിമാനം. വിടിഇഎസ്ഇ എന്ന രജിസ്ട്രേഷൻ നമ്പറിലായിരുന്നു വിമാനം പറന്നിരുന്നത്. ഫ്രാൻസിലാണ് വിമാനം നിർമ്മിച്ചത്. സർവീസ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് വിമാനം ആക്രി വിലയ്ക്ക് ഇപ്പോഴത്തെ എ. ഐ എൻജിനീയറിങ് ലിമിറ്റഡ് ലേലത്തിൽ വിറ്റത്.
ലേലത്തിലൂടെ ഹൈദരാബാദ് സ്വദേശിയായ ജോഗീന്ദർ സിംഗ് 75 ലക്ഷം രൂപയ്ക്കാണ് വിമാനം സ്വന്തമാക്കിയത്. തുടർന്ന് വിമാനം പൂർണമായും പൊളിക്കാനായി നാലുഭാഗങ്ങളാക്കി ട്രെയിലറുകളിൽ കൊണ്ടുപോകുമ്പോഴാണ് അപകടം. ട്രെയിലർ ഡ്രൈവർ അപകടത്തെ തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. ഇതോടെ വാഹനം നീക്കാൻ കഴിയാതെ വന്നതാണ് വൻ ഗതാഗതക്കുരുക്കിന് കാരണമായത്. തുടർന്ന് ബ്ലോക്കിൽ അകപ്പെട്ട മറ്റൊരു ട്രെയിലറിന്റെ ഡ്രൈവർ എത്തിയാണ് അപകടത്തിൽപ്പെട്ട ട്രെയിലർ നീക്കിയത്.

