മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനജീവനക്കാരെ ഉപയോഗിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. വയനാട് സ്വദേശി അഷ്കര്‍ അലിയാണ്(35) കസ്റ്റംസിനു മുന്നില്‍ കീഴടങ്ങിയത്. നേരത്തെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. 2022 സെപ്റ്റംബര്‍ 12നാണു കേസിനാസ്പദമായ സംഭവം. അഷ്കര്‍അലി വിദേശത്തുനിന്ന് എത്തിച്ച 2.2 കോടി രൂപയുടെ 4.9 കിലോഗ്രാം സ്വര്‍ണം വിമാനജീവനക്കാരുടെ സഹായത്തോടെ കടത്താനായിരുന്നു ശ്രമം. എന്നാല്‍ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടുകയായിരുന്നു. സംഭവത്തില്‍ വിമാനജീവനക്കാരായ കെ.വി. സാജിദ് റഹ്മാന്, കെ.പി. മുഹമ്മദ് സാമില്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അഷ്കര്‍അലി ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്കായി കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.
ഒളിവില്‍ കഴിയുന്നതിനിടെ നേപ്പാള്‍ വഴി വിദേശത്തേക്കു രക്ഷപ്പെടാന്‍ അഷ്കര്‍അലി ശ്രമിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണം കാരണം നേപ്പാളില്‍നിന്ന് വിമാനം കയറാന്‍ സാധിച്ചില്ല. നിലവില്‍ എന്‍.ഒ.സി. ഉണ്ടെങ്കില്‍ മാത്രമേ കാഠ്മണ്ഡു വിമാനത്താവളം വഴി ഇന്ത്യക്കാര്‍ക്ക് മറ്റു വിദേശരാജ്യങ്ങളിലേക്കു പോകാന്‍ സാധിക്കുകയുള്ളൂ. മറ്റു വഴികളില്ലാതെ വന്നതോടെയാണ് അഷ്കര്‍ അലി കസ്റ്റംസിനു മുന്നില്‍ കീഴടങ്ങിയത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കരുവന്തുരുത്തി സ്വദേശി റിയാസ് ആണ് സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍. ഈ മാസം 15ന് കസ്റ്റംസ് റിയാസിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഇയാള്‍ ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് റിയാസിനെതിരേ കരിപ്പൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തുടരന്വേഷണത്തില്‍ ഇയാളുടെ ആഡംബര കാര്‍ പിടികൂടിയിരുന്നു.

