ഇന്ത്യ സൂപ്പര്‍ 12-ലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ

സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ കീഴടക്കിയതിന്റെ ആവേശത്തില്‍ ഇന്ത്യ സൂപ്പര്‍ 12-ലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ. മഴഭീഷണിക്കിടെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 1.30 നാണു മത്സരം. പാക് ആക്രമണത്തെ അതിജീവിക്കാനായെങ്കിലും തിളങ്ങാതെപോയ നീലപ്പടയിലെ മുന്‍നിര ബാറ്റര്‍മാര്‍ക്കു ഫോം വീണ്ടെടുക്കാനുള്ള അവസരമാണ് ഇന്നത്തെ മത്സരം. അതേസമയം, നഷ്ടപ്പെടാനൊന്നുമില്ലാത്ത കുട്ടിക്രിക്കറ്റിലെ കുഞ്ഞന്മാരെ നിസാരരായി തള്ളിക്കളയാനും കഴിയില്ല. കരുത്തര്‍ക്കെതിരായ നിര്‍ണായക മത്സരങ്ങള്‍ക്കു മുമ്പ് ടീമില്‍ പരീക്ഷണത്തിനു രോഹിത് ശര്‍മയും ടീം മാനേജ്‌മെന്റും മുതിരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എന്നാല്‍, ലോകകപ്പ് പോലൊരു വേദിയില്‍ പരീക്ഷണംനടത്തി കുഴിയില്‍ ചാടിയാലുള്ള ഭവിഷ്യത്തും ടീമിനു മുന്നിലുണ്ട്. വിജയത്തുടര്‍ച്ചയ്ക്കാണു പ്രധാന്യമെന്നതിനാല്‍ അനിവാര്യമായ മാറ്റങ്ങള്‍ക്കു മാത്രമേ ഇന്ത്യന്‍ ടീം മുതിര്‍ന്നേക്കൂവെന്നാണു കരുതുന്നത്. പാകിസ്താനെതിരായ മത്സരത്തില്‍ കളിച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, അതിനു സാധ്യതയില്ലെന്ന് ബൗളിങ് കോച്ച് പരസ് മാംബ്രെ വ്യക്തമാക്കി. ബാറ്റിങ്പാടവത്തില്‍ മുന്നിലുള്ള ആര്‍. അശ്വിനെ ഒഴിവാക്കി യുസ്‌വേന്ദ്ര ചാഹലിനെ കളിപ്പിക്കാനുള്ള സാധ്യതയും കുറവാണെന്ന് മാംബ്രെ പറഞ്ഞു.

ആദ്യമത്സരത്തില്‍ നിറംകെട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സഹ ഓപ്പണര്‍ കെ.എല്‍. രാഹുലും വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവും നെതര്‍ലന്‍ഡ്‌സിനെതിരേ ഫോം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ്. ടൂര്‍ണമെന്റിലെ ഉദ്ഘാടനമത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ എസ്.സി.ജിയില്‍ ന്യൂസിലന്‍ഡ് 200 റണ്ണടിച്ചിരുന്നു. കിവികള്‍ക്കു ലഭിച്ച സൗഭാഗ്യം ഇന്ത്യയുടെ കാര്യത്തിലും ആവര്‍ത്തിച്ചാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിനുമുമ്പ് മുന്‍നിര ബാറ്റര്‍മാര്‍ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.

പേസ് ബൗളിങ്ങില്‍ മുഹമ്മദ് ഷാമിയും അര്‍ഷ്ദീപ് സിങ്ങും ഭുവനേശ്വറും പാകിസ്താനെതിരേ മികച്ച പ്രകടനം കാഴ്ചവച്ചത് പ്രതീക്ഷ പകരുന്നു. സ്പിന്നര്‍മാരായ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ റണ്‍വഴങ്ങിയത് രോഹിതിനു തലവേദനയാണ്. എങ്കിലും ഓറഞ്ച് പടയെ കറക്കിവീഴ്ത്താന്‍ പോന്ന ആയുധങ്ങള്‍തന്നെയാണ് ഇരുവരുമെന്നതില്‍ സംശയമില്ല.

ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളില്‍ യു.എ.ഇയെ ഒരു പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിനു വീഴ്ത്തിയാണ് നെതര്‍ലന്‍ഡ്‌സ് സൂപ്പര്‍ 12 പ്രയാണത്തിനു തുടക്കമിട്ടത്. രണ്ടാം മത്സരത്തില്‍ നമീബിയക്കെതിരേ അഞ്ചുവിക്കറ്റിനു ജയിച്ചതു മൂന്നു പന്ത് ബാക്കിനില്‍ക്കെ. മൂന്നാം മത്സരത്തില്‍ കരുത്തരായ ശ്രീലങ്കയോടു 15 റണ്ണിനു തോറ്റെങ്കിലും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി നെതര്‍ലന്‍ഡ്‌സ് സൂപ്പര്‍ 12-ല്‍ എത്തി. സൂപ്പര്‍-12-ലെ ആദ്യകളിയില്‍ ബം ാദേശ് ഉയര്‍ത്തിയ 145 റണ്‍ വിജയലക്ഷ്യത്തിന് ഒന്‍പതു റണ്ണകലെ ഓറഞ്ച് പടയ്ക്കു കാലിടറി.

എന്നാല്‍ ഗ്രൂപ്പ് തലത്തിലേതിനു സമാനമായി ബൗളര്‍മാര്‍ മിന്നും പ്രകടനമാണ് ബംഗ്ലാദേശിനെതിരേ കാഴ്ചവച്ചത്. എതിരാളികളുടെ എട്ടുവിക്കറ്റ് തെറുപ്പിക്കാനായത് നെതര്‍ലന്‍ഡ് ബൗളര്‍മാരുടെ മികവിന് ഉദാഹരണമായി. ബാറ്റര്‍മാരിലും പ്രതിഭയുള്ള താരങ്ങള്‍ അവരുടെ നിരയിലുണ്ട്. ഇന്ത്യന്‍ വംശജനായ വിക്രംജീത് സിങ്, സഹ ഓപ്പണര്‍ മാക്‌സ് ഒദൗഡ്, ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ കളിച്ചു പരിചയമുള്ള ടോം കൂപ്പര്‍ എന്നിവര്‍ അവരുടേതായ ദിനങ്ങളില്‍ ഏതു ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരാണെന്നു തെളിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →