മുംബൈ: മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താനായില്ലെങ്കിലും വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 287.70 പോയന്റ് ഉയര്‍ന്ന് 59,534.96 ലും നിഫ്റ്റി 74.50 പോയന്റ് നേട്ടത്തില്‍ 17,656,30 ലും വ്യാപാരം അവസാനിപ്പിച്ചു. തുടക്കം നേട്ടത്തിലായിരുന്നുവെങ്കിലും സ്വകാര്യ ബാങ്ക്, എഫ്.എം.സി.ജി ഓഹരികളിലുണ്ടായ സമ്മര്‍ദം വിപണിയെ ബാധിച്ചു. യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ വരാനിരിക്കുന്ന പണനയ യോഗത്തില്‍ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന വിലയിരുത്തലുകളാണ് വിപണിയെ സ്വാധീനിച്ചത്.
ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ നേരിയതോതില്‍ ഇടിവുണ്ടായി. 82.73 നിലവാരത്തിലായിരുന്നു ക്ലോസിങ്.അതേസമയം, സംവത് 2079 ന് മുന്നേറ്റത്തോടെയായിരുന്നു തുടക്കം. തിങ്കളാഴ്ച നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ സൂചികകള്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 17,700 ന് മുകളിലെത്തി. സെന്‍സെക്സ് 524.51 പോയന്റ് നേട്ടത്തില്‍ 59,831.66 ലും നിഫ്റ്റി 154.50 പോയന്റ് ഉയര്‍ന്ന് 17,730.80 ലും ക്ലോസ് ചെയ്തു. ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളും കമ്പനികളുടെ ഈയിടെ പുറത്തുവന്ന മികച്ച പ്രവര്‍ത്തനഫലങ്ങളുമാണ് മുഹൂര്‍ത്ത വ്യാപാരത്തില്‍ പ്രതിഫലിച്ചത്.

