Tag
ന്യൂസ് ഡെസ്ക്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിച്ചയാളെ കെ.പി.സി.സി അംഗമായി തെരഞ്ഞെടുത്തതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗം റിയാസ് പഴഞ്ഞി രാജിവച്ച സാഹചര്യത്തില്‍ കെ.പി.സി.സി. നിയോഗിച്ച അന്വേഷണസമിതി എരമംഗലത്ത് എത്തി നേതാക്കളില്‍നിന്നു മൊഴിയെടുത്തു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, കെ.പി.സി.സി. സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, പി.എ. സലാം എന്നിവരാണ് എരമംഗലം കോണ്‍ഗ്രസ് ഭവനില്‍ എത്തി പരാതികള്‍ കേട്ടറിഞ്ഞത്. പൊന്നാനി നിയോജക മണ്ഡലത്തിലെ കെ.പി.സി.സി, ഡി.സി.സി അംഗങ്ങള്‍, മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ്, മറ്റു പോഷക സംഘടനാ പ്രസിഡന്റുമാര്‍, തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടവര്‍ ഉള്‍പ്പെടെ നൂറോളംപേരില്‍ നിന്നാണു പരാതി കേട്ടത്. വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം അന്വേഷണ കമ്മിഷനു പരാതി നല്‍കി.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ റിബലായി മത്സരിച്ചയാളെ ഉടന്‍ കെ.പി.സി.സി. അംഗമായി ഉയര്‍ത്തിയതില്‍ ഭൂരിഭാഗം പേരും കമ്മിഷനുമുന്നില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് അറിയുന്നത്. ഇതിനുശേഷം അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍ റിയാസ് പഴഞ്ഞിയില്‍നിന്നു പരാതി കേട്ടു. ഷാജി കാളിയത്തേലിനെ കെ.പി.സി.സി. അംഗമാക്കുന്ന സാഹചര്യത്തില്‍ തന്നെ പരാതി നേതൃത്വത്തിനു നല്‍കിയിട്ടും തീരുമാനവുമായി മുന്നോട്ടുപോയതില്‍ റിയാസ് കമ്മിഷനു മുന്നിലും അതൃപ്തി പ്രകടിപ്പിച്ചു. മറ്റു പാര്‍ട്ടികളിലേക്കു പോകുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും റിയാസ് അന്വേഷണസംഘത്തോട് പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനു നേരത്തെ കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്ന് കെ.പി.സി.സി. നിയോഗിച്ച സംഘമാണ് തെളിവെടുപ്പ് നടത്തിയത്. അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് കെ.പി.സി.സിക്കു സമര്‍പ്പിക്കും. തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *