കണ്ണൂര്‍: പാനൂര്‍ മൊകേരി വള്ള്യായിയില്‍ 23കാരി വിഷ്ണുപ്രിയയെ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മാനന്തേരി സ്വദേശി ശ്യാംജിത്താണ് അറസ്റ്റിലായത്. പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നു പ്രതി വ്യക്തമാക്കി. കൂത്തുപറമ്പ് എ.സി.പി. പ്രദീപന്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി നിര്‍ണായക മൊഴി നല്‍കിയത്.
വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിത്ത് ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇടക്കിടക്ക് മാത്രമേ പോസ്റ്റുകള്‍ ഇടാറുള്ളൂ. ദേഷ്യം നമ്മുടെ ദുര്‍ബലതയാണ്…, ക്ഷമയും, വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്ന്.. ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കരുത്… കോപം വന്നാല്‍ സ്വയം നിയന്ത്രിക്കണം… ദേഷ്യം അടങ്ങിയശേഷം വിവേകപൂര്‍വ്വം ചിന്തിക്കുക എന്നിങ്ങനെയാണ് പ്രൊഫൈല്‍ പിക്ചറിനുള്ള അടിക്കുറിപ്പായി കുറിച്ചിട്ടുണ്ട്.
സുഹൃത്തുകള്‍ കുറവായിരുന്നെങ്കിലും വീട്ടിലും കുടുംബത്തിലും സജീവമായിരുന്നു ശ്യാംജിത്ത്. ഇങ്ങനെ ഒരു കൊലപാതകം നടന്നിട്ടും അതു ചെയ്തത് ശ്യാംജിത്താണെന്ന് വിശ്വസിക്കാന്‍ പ്രദേശവാസികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരിക്കലും ഇത്തരത്തിലുള്ള കടുംകൈ ചെയ്യാന്‍ അവനെക്കൊണ്ടാവില്ലെന്നാണ് പ്രദേശവാസികളില്‍ പലരും പറഞ്ഞത്. തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിയവരോട് വാട്ട്‌സാപ്പ് ചാറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാനാണു ശ്യംജിത്തിനെ വിളിച്ചുവരുത്തിയതെന്നാണ് പോലീസ് അറിയിച്ചത്. മാനന്തേരിയിലെ സത്രത്തെ വീട്ടില്‍നിന്നു രാവിലെ ബൈക്കില്‍ ജോലിക്കായി പോയ ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഇതിനിടെ കൊല നടത്താനുള്ള ആയുധങ്ങളും മുഖം മറയ്ക്കാനുള്ള വസ്തുക്കളും വാങ്ങി.

