കോട്ടയം: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ എം.ജി. സര്‍വകലാശാല പരീക്ഷാഭവന്‍ അസിസ്റ്റന്റ് സി.ജെ. എല്‍സിയെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ സിന്‍ഡിക്കേറ്റ് ശിപാര്‍ശ ചെയ്തു. എല്‍സിയെ പിരിച്ചുവിടണമെന്ന സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച സിന്‍ഡിക്കേറ്റ്, ശിക്ഷാനടപടി സ്വീകരിക്കാന്‍ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി.എം.ബി.എ. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിദ്യാര്‍ഥിനിയില്‍ നിന്ന് പണം വാങ്ങുന്നതിനിടെയാണു കഴിഞ്ഞ ജനുവരി 28ന് എല്‍സിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എല്‍സിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിനു ലഭിച്ചു. 2010-2014 ബാച്ചിലെ നാലു വിദ്യാര്‍ഥികളില്‍ നിന്നാണ് വിവിധ ഘട്ടങ്ങളിലായി എല്‍സിയുടെ അക്കൗണ്ടിലേക്കു പണമെത്തിയത്. മാര്‍ക്ക് ലിസ്റ്റും പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിന് കൈക്കൂലിയായി ഒന്നര ലക്ഷം രൂപ എം.ബി.എ. വിദ്യാര്‍ഥിനിയോട് എല്‍സി ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി 1.25 ലക്ഷം രൂപ നല്‍കി. ബാക്കി രൂപ ഉടന്‍ നല്‍കണമെന്ന് എല്‍സി ആവശ്യപ്പെട്ടു. ഇതിലെ ആദ്യ ഗഡുവായ 15,000 രൂപ ഉടനെ വേണമെന്ന് അവര്‍ വാശിപിടിച്ചതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി വിജിലന്‍സ് എസ്.പി: വി.ജി. വിനോദ് കുമാറിനു പരാതി നല്‍കിയത്.എല്‍സിയുടെ കമ്പ്യൂട്ടറില്‍നിന്നു രണ്ടു വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തിയതായി സര്‍വകലാശാല അന്വേഷണ സമിതി കണ്ടെത്തിയിട്ടിട്ടുണ്ട്.
എം.ജി. വാഴ്സിറ്റി കൈക്കൂലി:പരീക്ഷാഭവന്‍ അസിസ്റ്റന്റിനെ പിരിച്ച് വിടും
