ന്യൂയോര്‍ക്ക്: പസഫിക് സമുദ്രത്തിന് മുകളില്‍ ആകാശത്ത് രണ്ട് മാസമായി പറക്കുംതളികകള്‍ കാണുന്നതായി പൈലറ്റുമാരെ ഉദ്ധരിച്ച് യു.എഫ്.ഒ. ഗവേഷകര്‍.മുന്‍ എഫ്.ബി.ഐ ഏജന്റും ഡിസ്‌കവറി+ ഷോയുടെ അവതാരകനുമായ ബെന്‍ ഹാന്‍സെന്‍, പൈലറ്റുമാര്‍ അടക്കം യു.എഫ്.ഒ കണ്ടവര്‍, ദൃശ്യങ്ങളുടെ ഫൂട്ടേജുകളും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റെക്കോഡിങ്ങുകള്‍എന്നിവ ഉയര്‍ത്തിക്കാട്ടി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടും പുറത്തുവന്നു.
സൗത്ത് വെസ്റ്റ് എയർലൈന്‍സിന്റെയും ഹവായിയന്‍ എയർലൈന്‍സിന്റെയും മറ്റ് നിരവധി വിമാനങ്ങളുടെയും പൈലറ്റുമാര്‍ ഈ മേഖലയില്‍ ഒന്നിലേറെ അജ്ഞാത പറക്കല്‍ വസ്തുക്കള്‍ (യു.എഫ്.ഒകള്‍) കണ്ടെത്തി. ലോസ് ഏഞ്ചല്‍സ് തീരത്ത് നിന്ന് പറക്കുന്നതിനിടയില്‍, ചാര്‍ട്ടര്‍ ജെറ്റ് പൈലറ്റ് മാര്‍ക്ക് ഹള്‍സി ഓഗസ്റ്റ് 18-ന് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചത് ഇപ്രകാരം: ”ഞങ്ങള്‍ക്ക് ഇവിടെ ഞങ്ങളുടെ വടക്ക് എന്തോ പറക്കുന്നുണ്ട്. അവന്‍ ഞങ്ങളെക്കാള്‍ ഉയരത്തില്‍ കറങ്ങുന്നു.എന്താണെന്ന് വല്ല വിവരവുമുണ്ടോ?” എന്താണെന്ന് ഉറപ്പില്ലെന്നായിരുന്നു കണ്‍ട്രോളറുടെ മറുപടി.
23 മിനിറ്റിനുള്ളില്‍, 5,000 മുതല്‍ 10,000 അടി വരെ ഉയരത്തില്‍ പറക്കുന്ന അത്തരം ഏഴ് ആകാശയാനങ്ങള്‍ കണ്ടതായി ഹള്‍സി റിപ്പോര്‍ട്ട് ചെയ്തു.ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ കുറഞ്ഞത് ആറ് പൈലറ്റുമാരെങ്കിലും അവരുടെ പേരുകളും എല്ലാ കാര്യങ്ങളും രേഖപ്പെടുത്താന്‍ തയാറാണെന്നും ഹാന്‍സെന്‍ സൂചിപ്പിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫെസിലിറ്റിയില്‍ ഒരു പൈലറ്റ് വിചിത്രമായ എന്തെങ്കിലുമൊന്ന് കണ്ട് റിപ്പോര്‍ട്ട് ചെയ്താല്‍ അപ്പോള്‍ തന്നെ അത് രേഖപ്പെടുത്തുമെന്ന് എഫ്.എ.എ. വക്താവ് പ്രമുഖ പ്രസിദ്ധീകരണത്തോട് പറഞ്ഞു.

