കൊച്ചി : ചാള മേരിയായി വേഷമിട്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ മോളി കണ്ണമാലി ഇനി ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കുന്നു. ഓസ്ട്രേലിയൻ സിനിമ പ്രവർത്തകനായ മലയാളി ജോയി കെ മാത്യു കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ചിത്രമാണ് ചാള മേരിയുടെ ഇംഗ്ലീഷ് കന്നിചിത്രം.
വിവിധ ഭൂഖണ്ഡങ്ങളിലെ ഏഴു വ്യത്യസ്ത ജീവിതകഥകൾ കോർത്തിണക്കിയ ഈ സിനിമയിൽ ടാസോ, റ്റിസ്റ്റി, എലൈസ്, ഹെലൻ, നാസ്കിയ, പിറ്റർ, ജെന്നിഫർ, ഡേവിഡ്, ജൂലി, ക്ലം, ദീപ ,റോഡ്, തുടങ്ങിയ ഹോളിവുഡ് താരങ്ങൾക്കൊപ്പം പ്രധാന വേഷമാണ് മോളി എന്ന ചാള മേരിക്കും.ഈ ഇംഗ്ലീഷ് സിനിമയിൽ താരത്തിന്റെ ആദ്യ വേഷവും മീൻ കച്ചവടക്കാരിയുടേതാണ്.
മലയാളത്തിലും മോളിയുടെ അരങ്ങേറ്റം 10 കഥകൾ സമന്വയിപ്പിച്ച കേരള കഫേ എന്ന ചിത്രത്തിലൂടെയായിരുന്നു. അൻവർ , ചാപ്പാകുരിശ്, പുതിയ തീരങ്ങൾ, പോപ്പിൻസ്, അന്നെയും റസൂലും, ഭാര്യ അത്ര പോര തുടങ്ങി 22 സിനിമകളിൽ മോളി വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു ടുമോറോയുടെ ചിത്രീകരണം ഉദ്ഘാടനം ചെയ്തു.