നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെയും അപകടകരമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗർമാർക്കെതിരെയും കർശന നിയമനടപടിയുമായി സർക്കാർ

തിരുവനന്തപുരം: ഗുരുതരമായ വാഹന അപകടങ്ങളിൽ പ്രതികളാവുകയും ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്ക് ട്രോമാകെയർ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തിൽ കുറയാത്ത നിർബന്ധിത സാമൂഹിക സേവനം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.

ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആന്റ് റിസർച്ചിൽ മൂന്ന് ദിവസ പരിശീലനവും നിർബന്ധമാക്കും. മോട്ടോർ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള കോൺട്രാക്ട് ക്യാരിയേജുകൾ, റൂട്ടുകളിൽ ഓടുന്ന സ്റ്റേജ് ക്യാരിയേജുകൾ, ഗുഡ്‌സ് ക്യാരിയേജുകൾ എന്നിവയിലെ ഡ്രൈവർമാരായിരിക്കും ആദ്യ ഘട്ടത്തിൽ ഇത്തരം സേവന-പരിശീലന പദ്ധതിയിൽ ഉൾപ്പെടുക.

നിയമവിരുദ്ധമായി ഹോൺ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചു. അപകടകരമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്ന പ്രചരണം നടത്തുന്ന വ്‌ളോഗർമാർക്കെതിരെയും കർശന നിയമനടപടി കൈക്കൊള്ളും.കോൺട്രാക്ട്, സ്റ്റേജ് ക്യാരിയേജുകളുടെ നിയമ ലംഘനം കണ്ടെത്തുന്നതിനായി ഒക്ടോബർ 8- ന് ആരംഭിച്ച ‘ഫോക്കസ്-3’ സ്‌പെഷ്യൽ ഡ്രൈവിൽ ഒക്ടോബർ 12 വരെ 253 വാഹനങ്ങൾ രൂപമാറ്റം വരുത്തിയതായും 414 എണ്ണത്തിലെ സ്പീഡ് ഗവേർണറിൽ അനധികൃത മാറ്റം വരുത്തിയതായും 2792 വാഹനങ്ങളിൽ അനധികൃത ലൈറ്റുകൾ ഘടിപ്പിച്ചതായും കണ്ടെത്തി 75,73,020 രൂപ പിഴ ചുമത്തി. ശബ്ദ / വായു മലിനീകരണം ഉൾപ്പെടെ 4472 കേസുകളാണ് എടുത്തത്.

263 വാഹനങ്ങളുടെ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റും 7 വാഹനങ്ങളുടെ രജിസ്‌ട്രേഷനും 108 ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. യോഗത്തിൽ ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡീഷണൽ ഗതാഗത കമ്മീഷണർ പി. എസ്.പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →