കുട്ടനാടിന്റെ നെൽക്കൃഷിയെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്ത് കുട്ടനാട് വികസന ഏകോപന കൗൺസിൽ

തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിക്കുന്നതിനും മുഖ്യമന്ത്രി ചെയർമാനായി കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിക്കാൻ തീരുമാനം. കൗൺസിലിന്റെ കീഴിൽ മോണിറ്ററിംഗ് ആന്റ് അഡൈ്വസൈറി കൗൺസിൽ, ഇംപ്ലിമെന്റേഷൻ ആന്റ് ടെക്നിക്കൽ കമ്മറ്റി എന്നിവ രൂപീകരിക്കും. ആസൂത്രണ വകുപ്പിൽ രൂപീകരിക്കപ്പെടുന്ന കുട്ടനാട് സെൽ കുട്ടനാട് വികസന ഏകോപന കൗൺസിലിന്റെ സംസ്ഥാനതല സെക്രട്ടേറിയറ്റായും, ജില്ലാ വികസന കമ്മീഷണർമാരുടെ/ജില്ലാ പ്ലാനിംഗ് ഓഫീസിനെ ജില്ലാതല സെക്രട്ടേറിയേറ്റായും രൂപീകരിക്കും.

കുട്ടനാട് ഏകോപന കൗൺസിലിന്റെ ചെയർമാനായി മുഖ്യമന്ത്രിയും വൈസ് ചെയർമാനായി കൃഷി വകുപ്പ് മന്ത്രിയും (കൺവീനർ / സെക്രട്ടറി) ആയി ആസൂത്രണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും പ്രവർത്തിക്കും. റവന്യു, സഹകരണം, ഭക്ഷ്യം, ജലവിഭവം, വൈദ്യുതി, ഫിഷറീസ് മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം, ടൂറിസം എന്നീ വകുപ്പ് മന്ത്രിമാർ കൗൺസിൽ അംഗങ്ങളായിരിക്കും. 40 അംഗ കൗൺസിലിൽ വിവിധ വകുപ്പ് സെക്രട്ടറിമാരും ഡയറക്ടർമാരും ചീഫ് എഞ്ചിനീയർമാരും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറും അംഗങ്ങളായിരിക്കും.

ഏകോപന കൗൺസിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏഴിന ലക്ഷ്യങ്ങളെ കുറിച്ചും തീരുമാനമെടുത്തു. കുട്ടനാട് പ്രദേശത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ പ്രവർത്തനം ഒറ്റ സംവിധാനത്തിന്റെ കീഴിലാക്കും. ഏജൻസികളുടെ പ്രവർത്തനം അവലോകനം നടത്തുന്നതിനും പരസ്പരപൂരകങ്ങളാകുന്നതിനും പദ്ധതികൾക്ക് ആവർത്തന സ്വഭാവമില്ലാതെ നടപ്പിലാക്കുന്നതിനും നടപടികൾ സ്വീകരിക്കും. നെൽപ്പാടങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പദ്ധതികളുടെ പൊതുവായ ആസൂത്രണവും നടത്തിപ്പും ഉറപ്പാക്കുക. സമഗ്ര ജലമാനേജ്മെന്റ് നടപ്പിലാക്കുക.

നെൽക്കൃഷിയെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുക. കാലം തെറ്റിയ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും അനുയോജ്യമാകും വിധമുള്ള കാർഷിക കലണ്ടറും കൃഷിരീതിയും നടപ്പിലാക്കുക. വിളനാശവും അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കുന്നതിനുള്ള പദ്ധതികൾ കണ്ടെത്തി നടപ്പിലാക്കുക. കാർഷിക പ്രവർത്തനങ്ങൾ യന്ത്രവൽകൃതമാക്കുക. അതിനാവശ്യമായ യന്ത്രങ്ങൾ സമാഹരിക്കുക. കൗൺസിൽ ആറ് മാസത്തിലൊരിക്കൽ യോഗം ചേരും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →