കൊഴിഞ്ഞാമ്പാറ : കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടപ്പാക്കുന്ന കാർഷിക യന്ത്രവത്ക്കരണ ഉപപദ്ധതിയുടെ ഭാഗമായി വടകരപ്പതി കാർഷികരംഗം കൂടുതൽ സ്മാർട്ട് ആക്കി മെച്ചപ്പെട്ട വിളവും അധിക വരുമാനവും കർഷകർക്ക് ഉറപ്പുവരുത്തുന്ന പദ്ധതിയാണ് കാർഷിക ഡ്രോൺ. കേന്ദ്രാവിഷ്കൃത പദ്ധതിയായ എസ്എംഎഎം പ്രകാരം 10 ലക്ഷം രൂപ വരെ വില വരുന്ന ഡ്രോണുകൾ വ്യക്തിഗത കർഷകർക്ക് നാലു മുതൽ അഞ്ച് ലക്ഷം രൂപ വരെ സബ്സിഡി ഇനത്തിൽ ലഭിക്കും. പദ്ധതിയുടെ സ്വീകാര്യതയ്ക്കായി ജില്ലകൾ തോറും 10 ഹെക്ടറിൽ കവിയാത്ത കൃഷിയിടങ്ങളിൽ കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവർത്തി പരിചയവും നടത്തുന്നുണ്ട്.
കാർഷിക യന്ത്രവത്ക്കരണത്തിൽ മുഖ്യപങ്ക് വഹിക്കുന്ന ഡ്രോണുകൾ കൃഷിയിടങ്ങളിലെ വിളകളുടെ വളർച്ച, വിള പരിപാലനം, വളപ്രയോഗം, കീടനാശിനി പ്രയോഗം എന്നീ മേഖലയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നു.
കുറഞ്ഞ സമയത്തിൽ ആവശ്യമായ അളവിൽ വിള സംരക്ഷണ ഉപാധികൾ കൃഷിയിടങ്ങളിലേക്ക് എത്തിക്കാൻ ഡ്രോണുകളുടെ ഉപയോഗത്തിലൂടെ സാധ്യമാകും. കാലാവസ്ഥാ വ്യതിയാനം പ്രതിസന്ധിയാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രം ഫലപ്രദമായ സാങ്കേതിക വിദ്യയിൽ സൂക്ഷ്മമൂലകങ്ങളും ജൈവകീടനാശിനികളും കൃഷിയിടത്തിൽ മുഴുവൻ തളിക്കാം എന്നതാണ് കാർഷികഡ്രോണുകളുടെ പ്രത്യേകത.
കീടങ്ങളുടെ സർവേ, കണ്ടെത്തൽ എന്നിവയ്ക്കും ഡ്രോണുകൾ സഹായകരമാണ്. വടകരപ്പതിയിൽ നടന്ന കാർഷിക ഡ്രോണുകളുടെ പ്രദർശന പ്രവർത്തന രീതികൾ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് ഉദ്ഘാടനം നിർവഹിച്ചു. വടകരപതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റിഷ പ്രേംകുമാർ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.സിന്ധു, വടകരപ്പതി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ചിന്നസ്വാമി, ഗ്രാമപഞ്ചായത്ത് അംഗം ബീന, വടകരപ്പതി കൃഷി ഓഫീസർ ബി.അജയ്കുമാർ, അസിസ്റ്റന്റ് പ്രൊഫസർ സിന്ധു ഭാസ്കർ,
കൃഷി അസിസ്റ്റൻറ് എൻജിനീയർ ലിയ ജോയ്, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാം കെ.ജെയിംസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.കെ. സരസ്വതി, കൃഷി അസിസ്റ്റൻറ് ഡയറക്ടർ എസ്.ആർ. സബിത, സെറാബിൻ പാടശേഖരസമിതി സെക്രട്ടറി ഇഗ്നേഷ്യസ് ഗോൾഡിൻ എന്നിവർ സംസാരിച്ചു