ദിഗ് വിജയ് സിങും ശശി തരൂരും സെപ്റ്റംബർ 30 ന് പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തങ്ങളുടേത് സൗഹൃദ മത്സരമെന്നു ശശരി തരൂര്‍. മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ദിഗ് വിജയ് സിങ് ഇന്നലെ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും സെപ്റ്റംബർ 30 ന് പത്രിക സമര്‍പ്പിക്കും.

ഇരുവരും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട്, ഇത് എതിരാളികള്‍ തമ്മിലുള്ള പോരാട്ടമല്ലെന്നും സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദമത്സരമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ദിഗ്വിജയിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്ത തരൂര്‍, ആരു ജയിച്ചാലും കോണ്‍ഗ്രസ് വിജയിച്ചതായി ഇരുവരും കരുതുമെന്നും കൂട്ടിച്ചേര്‍ത്തു.
ഗാന്ധിയന്‍ – നെഹ്റു തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണു തങ്ങളെന്നും പാര്‍ട്ടിക്കായി ഒരുമിച്ചുനില്‍ക്കുമെന്നു ദിഗ്വിജയ് സിങ്ങും ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജസ്ഥാനില്‍ നടത്തിയ വിമതനീക്കം അസ്വസ്ഥതപ്പെടുത്തുന്നതുവരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു ഗാന്ധികുടുംബം പിന്തുണച്ചിരുന്നത് അശോക് ഗലോട്ടിനെയാണ്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാനുള്ള പാര്‍ട്ടിനിര്‍ദ്ദേശം അദ്ദേഹം അംഗീകരിച്ചില്ല. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരേ മത്സരിച്ച സച്ചിന്‍ െപെലറ്റിനെ പിന്‍ഗാമിയാക്കുന്നതിലായിരുന്നു ഗലോട്ടിന്റെ എതിര്‍പ്പ്.

മുഖ്യമന്ത്രിപദവി നിലനിര്‍ത്തിക്കൊണ്ടുതന്നെ അധ്യക്ഷനായി മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കത്തിനെതിരേ ഒടുവില്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നു. ഒരു വ്യക്തി, ഒരു സ്ഥാനം എന്ന നയത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതിനാല്‍ ഇരട്ടപ്പദവി സാധ്യമല്ലെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.

മറ്റു നിവൃത്തിയില്ലാതെ ഗെലോട്ട് ഇതു സമ്മതിച്ചെങ്കിലും മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്നു പറഞ്ഞ് എം.എല്‍.എമാര്‍ പിന്നീട് ഗലോട്ടിനുവേണ്ടി നിലയുറപ്പിക്കുകയായിരുന്നു. എന്നാല്‍ ഗലോട്ട് പാളയത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതാണു പിന്നീടു കണ്ടത്.രാജസ്ഥാന്‍ സംഭവങ്ങള്‍ അവിടെയെത്തി നിരീക്ഷിച്ച കേന്ദ്ര നേതാക്കള്‍ സംഭവത്തെ കടുത്ത അച്ചടക്കമില്ലായ്മയായാണു കണ്ടത്. ഇക്കാര്യം വിശദീകരിച്ച് നിരീക്ഷകരായ അജയ് മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിക്കു റിപ്പോര്‍ട്ട് നല്‍കിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഫലത്തില്‍, വിമതനീക്കത്തെ പിന്തുണച്ചുവെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാനുള്ള അവസരം ഗലോട്ടില്‍നിന്നു വഴുതിപ്പോകുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →