തെരുവുനായ ശല്യവും പേവിഷ ഭീതിയും പരിഹരിക്കുന്നതിനായി എട്ടിന കർമ്മ പദ്ധതിയുമായി ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത്. കഴിഞ്ഞ ദിവസം ചേർന്ന സർവ്വ കക്ഷി യോഗത്തിലും തുടർന്ന് നടന്ന ആമ്പല്ലൂർ മേഖലയിലെ മുഴുവൻ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലുമാണ് കർമ്മ പദ്ധതികൾ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി മുഴുവൻ വളർത്തുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കി ഗ്രാമ പഞ്ചായത്ത് ലൈസൻസ് നൽകും.
അലഞ്ഞുതിരിയുന്ന നായ്ക്കളെ കണ്ടെത്തി വാക്സിനേഷന് എത്തിക്കുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം 500 രൂപ വീതം പാരിതോഷികം നൽകും. ഇതിന് സന്നദ്ധരായവരെ കണ്ടെത്താനുള്ള ശ്രമങ്ങളും അധികൃതർ നടത്തും. തെരുവ് നായ്ക്കൾ കൂടുതലുള്ള ഹോട്ട്സ്പോട്ടുകൾ കണ്ടെത്തും.
സർക്കാർ നിർദേശപ്രകാരം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുവാൻ യോഗത്തിൽ ധാരണയായി. തെരുവ് നായക്കൾ വർധിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനായി അറവ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും സംസ്കരിക്കാതെ പൊതു /സ്വകാര്യ സ്ഥലങ്ങളിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കണ്ടെത്തി നടപടി സ്വീകരിക്കും.
റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തന പരിധിയിലെ മുഴുവൻ വളർത്തു നായ്ക്കളുടെയും കണക്ക് എടുക്കുകയും യഥാസമയം പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തി ലൈസൻസ് എടുത്തിട്ടുണ്ടെന്നും ഉറപ്പാക്കും. നായ്ക്കളുടെ കടിയേറ്റാൽ ചെയ്യേണ്ട അടിയന്തിര നടപടികളെക്കുറിച്ച് ബോധവൽക്കരണം നടത്തും. പ്രഥമ ശുശ്രൂഷ സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്ത് പരിധിയിലെ മുഴുവൻ പേരിലേക്കും എത്തിക്കാനായി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് നടത്താനുദ്ദേശിക്കുന്നത്.
പേവിഷ പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹ്യൂമൻ ഇമ്മ്യൂണോഗ്ലോബുലിൻ താലൂക്ക് ആശുപത്രികളിൽ 24 മണിക്കൂറും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ സർക്കാരിനെ അറിയിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി സി സമീന, വെറ്റിനറി സർജൻ രഞ്ജിത്ത്, എറണാകുളം ജില്ലാ റസിഡൻസ് അസോസിയേഷൻ അപെക്സ് കൗൺസിൽ ആമ്പല്ലൂർ മേഖല പ്രസിഡൻ്റ് (എഡ്റാക്ക്) കെ എ മുകുന്ദൻ, എഡ്റാക്ക് ആമ്പല്ലൂർ മേഖല സെക്രട്ടറി ടി ആർ ഗോവിന്ദൻ, വാർഡ് മെമ്പർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

