തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കുന്നു. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്ക് ഉപയോഗിക്കണമെന്ന് നിർദ്ദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പോലും ജനങ്ങൾ മാസ്ക് ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഓർഡിനൻസ് വീണ്ടും ഇറക്കുന്നത്. ഓർഡിനൻസ് നിലവിൽ ഇല്ലാത്തതിനാൽ ഇപ്പോൾ കാര്യമായ പോലീസ് പരിശോധന നടക്കുന്നില്ല.
ഓർഡിനൻസിന് പകരമുള്ള ബിൽ കഴിഞ്ഞ ഒക്ടോബറിൽ നിയമസഭയിൽ അവതരിപ്പിക്കുകയും സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു. പൊതുജനാഭിപ്രായം തേടുന്നതിനും മറ്റുമായി സെലക്ട് കമ്മിറ്റി കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ ഫലത്തിൽ സംസ്ഥാനത്ത് പൊതുജന ആരോഗ്യ നിയമമില്ലാത്ത സ്ഥിതിയാണ്.
മാസ്ക് പരിശോധനയ്ക്ക് നിയമപ്രാബല്യം നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്ന കേരള പൊതുജനാരോഗ്യ ഓർഡിനൻസ് വീണ്ടും ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി അയക്കും.



