കുല്‍ഗാമിലെ സ്‌കൂളില്‍ ഭജന്‍ ആലാപനം; എതിര്‍ത്ത് മതസംഘടനകള്‍

ശ്രീനഗര്‍: കുല്‍ഗാമിലെ സ്‌കൂളില്‍ ഭജന്‍ ആലപിക്കുന്നതിനെ എതിര്‍ത്ത് കശ്മീരിലെ മതസംഘടനകള്‍. യുവതലമുറയെ ഹിന്ദുത്വ ആശയത്തിലേക്ക് നയിക്കാനാണ് ഭജന്‍ ആലാപനമെന്ന് ആരോപിച്ചാണിത്. വിദ്യാര്‍ഥികള്‍ ഭജന്‍ ആലപിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു.

സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ മറ്റേതെങ്കിലും ഏജന്‍സിയോ ഇതില്‍ ബോധപൂര്‍വം ഇടപെടുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് മുപ്പതോളം സംഘടനകളുടെ പ്രതിനിധി സംഘടനയായ മുത്തഹിദ മജ്‌ലിസ്-ഇ-ഉലമ (എം.എം.യു) പ്രസ്താവിച്ചു. പ്രദേശത്തിന്റെ മതപരമായ സ്വത്വത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് മേധാവി മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള എം.എം.യു ആരോപിച്ചു.
ഭജന്‍ ആലാപനത്തിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തിങ്കളാഴ്ച സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജമ്മു കശ്മീരില്‍ ബി.ജെ.പി. അതിന്റെ ഹിന്ദുത്വ അജന്‍ഡ മുന്നോട്ടു നീക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. കുല്‍ഗാമിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ”രഘുപതി രാഘവ് രാജാ റാം” പാടുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റും ചെയ്തു. നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ഇമ്രാന്‍ നബി ദാറും വീഡിയോയുടെ ഒരു ഭാഗം പങ്കുവച്ചു. അതേസമയം, നിക്ഷിപ്ത രാഷ്്രടീയ താല്‍പ്പര്യങ്ങള്‍ക്കായി മുഫ്തി യുവമനസുകളെ വിഷലിപ്തമാക്കുകയാണെന്ന് ജമ്മു കശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →