മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍

തിരുവനന്തപുരം: മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യവകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു.
മുമ്പു വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മൂന്നു ഡോസ് വാക്‌സിന്‍ നല്‍കും. ഇവര്‍ 21 ദിവസം കഴിഞ്ഞു മാത്രമേ മൃഗങ്ങളുമായി ഇടപെടാന്‍ പാടുള്ളൂ. ഭാഗികമായി വാക്‌സിനെടുത്തവരും വാക്‌സിന്‍ എടുത്തതിന്റെ രേഖകള്‍ ഇല്ലാത്തവരും മൂന്നു ഡോസ് വാക്‌സിന്‍ എടുക്കണം.

നേരത്തെ വാക്‌സിന്‍ എടുത്തവരും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുമായവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കും. അതിനുശേഷമേ മൃഗങ്ങളുമായി ഇടപെടാന്‍ പാടുള്ളൂ.വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് വീണ്ടും മൃഗങ്ങളുടെ കടിയേറ്റാല്‍ ഇവര്‍ക്ക് നിശ്ചിത ഇടവേളയില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കും.

മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്നു നായകള്‍ക്കു വാക്‌സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്. ഇവരില്‍ ചിലര്‍ക്കു നായകളില്‍നിന്നു കടിയേറ്റ സംഭവവുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സ്‌പെഷല്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. വെറ്ററിനറി ഡോക്ടര്‍മാര്‍, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍, കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →