കൊല്ലം ബാർ അസോസിയേഷൻ അംഗം അഡ്വ. പനമ്പിൽ എസ് ജയകുമാറിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ സെപ്റ്റംബർ 20 ന് ഹൈക്കോടതി ബഹിഷ്കരിക്കും. കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ബഹിഷ്കരണം. ഇന്നത്തെ ബഹിഷ്കരണം കോടതി നടപടികളെ ബാധിച്ചേക്കും.
കഴിഞ്ഞ 2022 സെപ്തംബർ അഞ്ചിന് അഭിഭാഷകനായ പനമ്പിൽ എസ് ജയകുമാറിനെ കരുനാഗപ്പളളി പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം കോടതിയിൽ കഴിഞ്ഞ പന്ത്രണ്ടിന് തുടങ്ങിയ അഭിഭാഷകരുടെ സമരം സംസ്ഥാനത്തെ മിക്ക കോടതികളിലേക്കും ബാധിച്ചു. ആരോപണ വിധേയരായ ഇൻസ്പെക്ടർ ഉൾപ്പെടെ നാലുപേരെ സ്റ്റേഷനിൽ നിന്ന് മാറ്റിയെങ്കിലും സസ്പെൻഡ് ചെയ്യണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
വാഹനാപകടത്തെ തുടർന്ന് പ്രശ്നമുണ്ടാക്കിയപ്പോഴാണ് അഭിഭാഷകനെ കസ്റ്റഡിയിൽ എടുത്തതെന്നും അഭിഭാഷകൻ പൊലീസ് സ്റ്റേഷനിൽ പരാക്രമം കാട്ടിയെന്നുമാണ് കരുനാഗപ്പളളി പൊലീസിന്റെ വിശദീകരണം. ഇതിന് തെളിവായി വിഡിയോയും പൊലീസ് പുറത്തുവിട്ടിരുന്നു. വിലങ്ങുവച്ച് ലോക്കപ്പിൽ മർദ്ദിച്ചപ്പോഴാണ് സ്റ്റേഷനിൽ ബഹളം വച്ചതെന്നും ഇതിന്റെ വിഡിയോ പ്രചരിപ്പിച്ചത് വീഴ്ചയാണെന്നും അഭിഭാഷകർ പറയുന്നു

