തിരുവനന്തപുരം ∙ തെരുവുനായ്ക്കളെ പിടികൂടാനും വാക്സിനേഷനും കോവിഡ്കാല സന്നദ്ധ സേനയെ വീണ്ടും സജ്ജമാക്കുമെന്നു മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. താൽപര്യമുള്ളവർക്ക് വെറ്ററിനറി സർവകലാശാല 9 ദിവസത്തെ പരിശീലനം നൽകും. നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) പ്രോഗ്രാം ഊർജിതമാക്കും. എബിസി നടപടികൾ ചെയ്യാൻ കുടുംബശ്രീയെ അനുവദിക്കാൻ സുപ്രീം കോടതിയെ സമീപിക്കും.
തെരുവു നായ്ക്കളെ ഇണക്കിയെടുക്കാൻ സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെയും വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെയും സഹായം തേടി 15 മുതൽ പ്രചാരണം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാ കലക്ടർമാരുടെയും യോഗം സെപ്റ്റംബർ 13 വൈകിട്ട് 4.30 ന് ഓൺലൈനിൽ ചേർന്നു. എല്ലാ വളർത്തു നായ്ക്കൾക്കും 2022 ഒക്ടോബർ 30ന് അകം വാക്സിനേഷനും ലൈസൻസും നൽകാനും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലത്തിൽ തെരുവു നായ്ക്കൾക്കു വാക്സിനേഷൻ നൽകാനും തീരുമാനിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ പക്കൽ 6 ലക്ഷം നായ്ക്കൾക്കു കുത്തിവയ്ക്കാനുള്ള പേവിഷ പ്രതിരോധ വാക്സീൻ ഉണ്ട്. കൂടുതൽ ആവശ്യമെങ്കിൽ അടിയന്തരമായി വാങ്ങും. ഒരു വർഷമാണ് വാക്സീന്റെ പ്രതിരോധശേഷി. വാക്സീൻ എടുത്ത നായ്ക്കളെ ചെവിയിൽ ചിപ്പോ സ്പ്രേ പെയ്ന്റോ വഴി അടയാളപ്പെടുത്തും.
ദിവസം 10,000 നായ്ക്കൾക്ക് എന്ന തോതിൽ വാക്സിനേഷനാണ് ആലോചന. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവയ്ക്കു പ്രത്യേക വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ അനുമതി നൽകും

