നഗരത്തിൽ മാലിന്യം കുന്നുകൂടുന്നു , കോർപ്പറേഷൻ നോക്കുകുത്തിയായി

തിരുവനന്തപുരം: തെരുവ് നായ്‌ക്കൾ കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണെന്ന വസ്‌തുത നിലനിൽക്കെ ജനങ്ങൾ വഴിയോരങ്ങളിലും പൊതുസ്ഥലത്തും ഭക്ഷണമാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പ്രശ്‌നം സങ്കീർണമാക്കുന്നു. നഗരത്തിലെ മാലിന്യ നിർമ്മാർജന നടപടികൾ വേഗത്തിലാക്കാൻ കോർപ്പറേഷൻ ഇടപെടണമെന്നാണ് ആവശ്യം.

ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും സുലഭമായി കിട്ടുന്നതുകാരണം തെരുവുനായ്‌ക്കൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടമായുണ്ട്. മാലിന്യം സംസ്കരിക്കാൻ സർക്കാരും നഗരസഭയും വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും പദ്ധതി ഫലപ്രാപ്‌തിയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല.

നഗരത്തിലെ വിവിധയിടങ്ങളിൽ അടുക്കള മാലിന്യങ്ങൾ, ഭക്ഷണ – അറവ് മാലിന്യങ്ങൾ, സാനിറ്ററി പാഡുകൾ, നാപ്കിനുകൾ, പ്ലാസ്റ്റിക്കുകൾ എന്നിവ ചാക്കിൽ കെട്ടിയും അല്ലാതെയും വലിച്ചെറിയുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തും. വന്ധ്യംകരണം ശരിയായി നടത്താത്തതിനാൽ നായ്‌ക്കൾ പെറ്റുപെരുകും. ഇതുവഴി പോകുന്നവർക്ക് നേരെ നായ്‌ക്കളുടെ ആക്രമണമുണ്ടാകുന്നതാണ് പതിവ്.

മാലിന്യ സംസ്‌കരണവും ജൈവ മാലിന്യങ്ങളിൽ നിന്നുള്ള കമ്പോസ്റ്റ് നിർമ്മാണവും കൃത്യമായി നടന്നിരുന്നെങ്കിൽ റോഡുകളും തോടുകളും മാലിന്യ കൂമ്പാരങ്ങളാകില്ലായിരുന്നെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. മൂന്ന് വാർഡുകളിലെ മാലിന്യമെത്തുന്ന ജഗതിയിലെ എയ്റോബിക്ക് മാലിന്യ സംസ്കരണ കേന്ദ്രം തന്നെ നഗരസഭയുടെ നോട്ടക്കുറവിന് ഉദാഹരണമാണ്.

വൈകിട്ട് ആറുവരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ജൈവ – അജൈവ- ഖര മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. ഇതിനെ തരംതിരിക്കുക വലിയ പ്രയാസമാണെന്നും ഗ്ലൗസില്ലാതെയാണ് പലപ്പോഴും തൊഴിൽ ചെയ്യുന്നതെന്നും ജീവനക്കാർ പറഞ്ഞു. തുറന്ന പരിസരമായതിനാൽ നഗരസഭാ തൊഴിലാളികൾ ശേഖരിച്ച്‌ കൊണ്ടുവരുന്ന മാലിന്യത്തിന് പുറമെ ആളൊഴിഞ്ഞ സമയം പുറത്തുനിന്നുള്ളവർ മാലിന്യം കൊണ്ടുതള്ളാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. വൈകിട്ടോടെ ഇവിടെ തെരുവുനായ്ക്കകളുടെ കേന്ദ്രമാകും. വലിയശാല, കിഴക്കേകോട്ട, ചെന്തിട്ട, പൂജപ്പുര, തമ്പാനൂർ, ചാല എന്നിവിടങ്ങളിലും മാലിന്യനിക്ഷേപം കൂടുതലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →