സ്പീക്കർ എം ബി രാജേഷ് ഇനി മന്ത്രി : സ്പീക്കറായി എ.എൻ ഷംസീർ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടർന്ന് എംവി ഗോവിന്ദൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദൻ. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. സ്പീക്കറായി എഎൻ ഷംസീറിനെയും തെരഞ്ഞെടുത്തു. എംവി ഗോവിന്ദൻ രാജിവെച്ചതിനെ തുടർന്ന് വൻ അഴിച്ചുപണിയാണ് നടത്തിയത്. എംവി ഗോവിന്ദൻ കൈകാര്യം ചെയ്ത അതേ വകുപ്പുകൾ തന്നെ എംബി രാജേഷിന് നൽകിയേക്കും. സെപ്റ്റംബർ ആറിന് ഉച്ചക്ക് 12നായിരിക്കും സത്യപ്രതിജ്ഞ.

രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. വി ടി ബൽറാം തുടർച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തിൽ അദ്ദേഹത്തെ തോൽപ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തുന്നത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃത്താല. പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ എംബി രാജേഷിൻറെ തോൽവിയും അപ്രതീക്ഷിതമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവർത്തിച്ചു. 2009ലും 2014ലും പാലക്കാ‌ട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗം.

തലശ്ശേരിയിൽനിന്ന് രണ്ടാം തവണയാണ് എഎൻ ഷംസീർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. രാജേഷിനും ഷംസീറിനും പുറമെ പൊന്നാനി എംഎൽഎ നന്ദകുമാർ ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പു എന്നിവരുടെ പേരുകളും പാർട്ടി പരിഗണിച്ചു. ഇതിൽനിന്നാണ് രാജേഷിനെ മന്ത്രിയായും ഷംസീറിനെ സ്പീക്കറായും പരിഗണിച്ചത്. സജി ചെറിയാൻ രാജിവെച്ചൊഴിഞ്ഞതിന് പകരം ഇപ്പോൾ മന്ത്രിയെ നിയമിക്കേണ്ടതില്ലെന്നും തീരുമാനിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →