തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന സ്ഥിരം വില്‍പ്പനക്കാരെ 2 വര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരമാകും നടപടി. ലഹരി കേസുകളില്‍ കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് പ്രതികളില്‍ നിന്ന് ബോണ്ട് വാങ്ങും.ഗാന്ധിജയന്തി ദിനത്തില്‍ ലഹരിക്കെതിരേ വിപുലമായ പ്രചാരണപരിപാടികള്‍ക്കു തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു.
ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷം, മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. കാപ്പ കേസുകളുടെ മാതൃകയില്‍ സ്ഥിരം ലഹരിക്കുറ്റവാളികളുടെ വിശദമായ പട്ടിക തയാറാക്കി പോലീസ് സ്റ്റേഷനുകളിലും എകസൈസ് ഓഫീസുകളിലും സൂക്ഷിക്കും. ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളില്‍ പ്രതികളുടെ പൂര്‍വപശ്ചാത്തലം ഉള്‍പ്പെടുത്തും. ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കാനാണിത്. ലഹരിക്കെതിരായ പോരാട്ടം ജനകീയപ്രചാരണ പരിപാടിയാക്കും. യുവാക്കള്‍, സ്ത്രീകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായസംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സാമൂഹിക-സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍ തുടങ്ങിയവയെ ഇതില്‍ കണ്ണിചേര്‍ക്കും.
വിദ്യാലയങ്ങളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ പ്രാദേശികകൂട്ടായ്മ പ്രതിനിധികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ലഹരിവിരുദ്ധ ജനജാഗ്രതാസമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പി.സി. വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

