കൊച്ചി: കൊച്ചിയിൽ പെയ്ത മഴയിൽ താളം തെറ്റിയ കേരളത്തിലെ റെയിൽവേ ഗതാഗതം ഇപ്പോഴും ട്രാക്കിൽ കേറിയില്ല. കോഴിക്കോട് നിന്നും 1.45-ന് പുറപ്പെട്ട ജനശതാബ്ദി ആലുവ വരെ ഏതാണ്ട് സമയക്രമം പാലിച്ചെങ്കിലും പിന്നീട് അനന്തമായി ഇഴയുകയാണ്. ഷെഡ്യൂൾ പ്രകാരം രാത്രി 8.20-ന് വർക്കലയിൽ എത്തേണ്ട ജനശതാബ്ദി നിലവിൽ ഇടപ്പള്ളിയിൽ മൂന്ന് മണിക്കൂർ വൈകി നിൽക്കുകയാണ്.
എറണാകുളം വഴി കടന്നു പോകേണ്ട മറ്റു പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയോടുകയാണ്. എറണാകുളം ഡി ക്യാബിൻ അടക്കമുള്ള സ്ഥലങ്ങളിൽ ട്രാക്കിൽ നിന്നും വെള്ളമൊഴിഞ്ഞെങ്കിലും ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്. ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധന മാനുവൽ രീതിയിൽ നടത്തേണ്ടത് സമയക്രമത്തെ ബാധിക്കുന്നുവെന്നും റെയിൽവേ അറിയിക്കുന്നു.
നിലവിൽ തിരുവനന്തപുരം – നിസ്സാമുദ്ദീൻ രണ്ട് മണിക്കൂറും, മംഗളൂരു – നാഗർകോവിൽ ഏറനാട് എക്സ്പ്രസ്സ് മൂന്ന് മണിക്കൂറും, ജാം നഗർ ഹംസഫർ എക്സ്പ്രസ്സ് രണ്ട് മണിക്കൂറും വൈകിയോടുകയാണ്.ഇന്ന് രാത്രിയിൽ മഴ പൂർണ്ണമായി മാറിയില്ലെങ്കിൽ നാളെയും ട്രെയിനുകൾ വൈകിയോടുന്നത് തുടരാനാണ് സാധ്യത.
അഞ്ച് ജില്ലകളിൽ തീവ്രമഴക്ക് സാധ്യത, ചിലയിടത്ത് അതിതീവ്ര മഴയും പെയ്തേക്കും
തിരുവനന്തപുരം: കേരളത്തിൽ അഞ്ച് ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി മുതിർന്ന ശാസ്ത്രജ്ഞൻ ആർ കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകൾകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻറെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. 200 മില്ലി മീറ്ററിൽ കൂടുതൽ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളിൽ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങൾ ഉണ്ടാകാം. മഴ നിശ്ചിത അളവിൽ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്, കളർകോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴ മൂലം ദീർഘദൂര തീവണ്ടികൾ മണിക്കൂറുകൾ വൈകി. പുലർച്ചെ കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തി തിരികെ മടങ്ങി പോകേണ്ട ജനശതാബ്ദി എക്സ്പ്രസ് നിലവിൽ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. കോട്ടയം വഴി പോകേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 2.10-ന് തിരുവനന്തപുരത്ത് എത്തേണ്ട ഈ ജനശതാബ്ദി വൈകിട്ട് 3.30-ന് ആലപ്പുഴയിലേക്ക് പ്രവേശിക്കുന്നതേയുള്ളൂ. ഇതോടെ തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയും മണിക്കൂറുകൾ വൈകാനാണ് സാധ്യത. എറണാകുളം ജംഗ്ഷനിലേക്ക് എത്തേണ്ട മംഗള – നിസ്സാമുദ്ദീൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ സർവ്വീസ് അവസാനിപ്പിക്കും

