സൊനാലി കേസ് സി.ബി.ഐക്ക് കൈമാറാമെന്ന് ഗോവ മുഖ്യമന്ത്രി

പനാജി: ബി.ജെ.പി. നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്റെ ദുരൂഹമരണക്കേസ് ആവശ്യമെങ്കില്‍ സി.ബി.ഐക്ക്‌ കൈമാറാന്‍ തയാറെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്.അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ ഫോണ്‍സന്ദേശം വന്നതിനു പിന്നാലെയാണ് സാവന്ത് നിലപാട് അറിയിച്ചത്. തന്നെ സന്ദര്‍ശിച്ച ഫൊഗട്ടിന്റെ കുടുംബാംഗങ്ങള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചതായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഖട്ടര്‍ വെളിപ്പെടുത്തിയതായി സാവന്ത് പറഞ്ഞു.
അതിനിടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മയക്കുമരുന്ന് ഇടപാടുകാരനായ രാംദാസ് മാന്ദ്രേക്കറിനെ 27/08/2022 ശനിയാഴ്ച ഗോവ പോലീസാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ദത്താപ്രസാദ് ഗാവോങ്കറിനു മയക്കുമരുന്നു െകെമാറിയതിനാണ് രാംദാസ് പിടിയിലായത്.

സൊനാലി അവസാന മണിക്കൂറുകള്‍ ചെലവിട്ട ഗോവയിലെ റസ്റ്ററന്റിന്റെ ഉടമ എഡ്വിന്‍ ന്യൂനസ് അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍വിട്ട് കോടതി ഉത്തരവായി. ന്യൂനസിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതികളെ അഞ്ചുദിവസം പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Share
അഭിപ്രായം എഴുതാം