തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ഗായത്രി ബാബുവിനെതിരായ ആർ.എസ്.എസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന ജാഥയിൽ പങ്കെടുക്കവേയാണ് പുറത്തു നിന്ന് സംഘടിച്ചെത്തിയ ആർ.എസ്.എസ് – എ.ബി.വി.പി ക്രിമിനലുകൾ ഗായത്രി ബാബുവിനെ ആക്രമിച്ചത്. കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡന്റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു.
2022 ഓഗസ്റ്റ് 26ന് വൈകിട്ട് വഞ്ചിയൂർ പുത്തൻ റോഡ് ജംഗ്ഷനിൽ പരിപാടിയിലേക്ക് അതിക്രമിച്ചു കയറിയ എട്ടോളം ക്രിമിനലുകളാണ് ഗായത്രി ബാബുവിനെ ആക്രമിച്ചത്. മാരകായുധങ്ങൾ ഒളിപ്പിച്ചു വച്ച ഒരു വീട്ടിലേക്കാണ് അക്രമികൾ മടങ്ങിപ്പോയത്. ഇവിടെയാണ് ഇവർ തമ്പടിച്ചിരിക്കുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് ആർ.എസ്.എസ് ഇതിലൂടെ പദ്ധതിയിട്ടിരിക്കുന്നതെന്ന് വ്യക്തം.
പൊതുജീവിതത്തിൽ ഉറച്ച നിലപാടുയർത്തിപ്പിടിക്കുന്ന സ്ത്രീയെന്ന നിലയിലും, ജനപ്രതിനിധിയെന്ന നിലയിലുമുള്ള വ്യക്തിത്വത്തിനു നേരെയുണ്ടായ കായികാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ഇത്തരം ചെയ്തികൾ കൊണ്ട് ഭീഷണിപ്പെടുത്താമെന്ന് സംഘപരിവാർ കരുതേണ്ടതില്ല. ഇത്തരം അതിക്രമങ്ങളെ അതിജീവിച്ചു വളർന്ന പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ. സമാധാനന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തു വരണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു