ന്യൂഡൽഹി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്നു കഴിക്കുന്ന സംസ്ഥാനം കേരളമെന്ന് ആരോഗ്യമന്ത്രാലയം. ലോക്സഭാ ചോദ്യത്തിന് ആരോഗ്യമന്ത്രാലയം തയാറാക്കിയ മറുപടി പ്രകാരം, കേരളത്തിൽ പ്രതിവർഷമുള്ള ആളോഹരി മരുന്നു ചെലവ് 2567 രൂപയാണ്. ഇതിൽ, 88.43% ഡോക്ടർമാർ കുറിച്ചു നൽകുന്നതാണെന്നും മറുപടിയിലുണ്ട്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൗണ്ടറിൽ നിന്നു നേരിട്ടു വാങ്ങുന്നത് 11.57%.
ഏറ്റവും കുറച്ചു മരുന്നു കഴിക്കുന്നതു ബിഹാറിലാണ്. ഇവിടെ, ആളോഹരി മരുന്നു ചെലവ് 298 രൂപ മാത്രം. ഡോക്ടർമാർ ഏറ്റവും കൂടുതൽ മരുന്നു കുറിച്ചു നൽകുന്നതു ഹിമാചൽപ്രദേശ്, ബംഗാൾ, ഹരിയാന, പഞ്ചാബ്, യുപി, കേരളം എന്നിവിടങ്ങളിലും ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള കൗണ്ടർ വിൽപന കൂടുതൽ അസം, ഉത്തരാഖണ്ഡ്, ബിഹാർ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലുമാണ്.
കേരളം – 2567 രൂപ, ഹിമാചൽ പ്രദേശ് – 1700 രൂപ, ബംഗാൾ – 1499 രൂപ, ആന്ധ്രപ്രദേശ് – 1488 രൂപ, യുപി – 1118 രൂപ, പഞ്ചാബ് – 1224 രൂപ ,എന്നിങ്ങനെയാണ് കൂടുതൽ മരുന്നുകൾ ഉപയോഗിക്കുന്ന സംസഥാനങ്ങലുടെ സ്ഥിതിവിവരം. കുറവ് ഉപയോഗിക്കുന്നത് ബിഹാർ – 298 രൂപ ,അസം – 386 രൂപ, ഛത്തീസ്ഗഡ് – 401 രൂപ ,ഉത്തരാഖണ്ഡ് – 411 രൂപ ,കർണാടക –510 രൂപ, ഗുജറാത്ത് – 590 രൂപഎന്നിങ്ങനെയാണ്.

