കൊച്ചി: തുറമുഖവികസനത്തിന്റെ പേരില്‍ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളില്‍ നിന്നും, പരമ്പരാഗതമായ ജീവനോപാധികളില്‍ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള കത്തോലിക്ക മെത്രാന് സമിതി(കെസിബിസി).ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളോട് ജനാധിപത്യപരവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം. വ്യാജ വാഗ്ദാനങ്ങള്‍ നല്കി ജനത്തെ തല്‍ക്കാലത്തേക്ക് നിശബ്ദരാക്കാം എന്ന ചിന്ത ഒരു ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. എല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം പ്രതിബന്ധതയോടെ നടപ്പിലാക്കാനും പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാതെ പദ്ധതികള്‍ ആവിഷ്കരിക്കാനും ഭരണസംവിധാനങ്ങള്‍ക്ക് കഴിയണം.
ഭീഷണികള്‍ നേരിടുന്ന എല്ലാ തീരദേശമേഖലകളിലും പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും കേരള കത്തോലിക്കാ മെത്രാന് സമിതി ആവശ്യപ്പെടുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി,വൈസ് പ്രസിഡന്റ് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍, കെസിബിസി സെക്രട്ടറി ജനറാള്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ സംയുക്ത വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.തുറമുഖവികസനത്തിന്റെ ഭാഗമായ നിര്‍മ്മിതികളെത്തുടര്‍ന്നുള്ള പാരിസ്ഥിതിക ആഘാതവും അതിന്റെ പരിണിതഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും അടിയന്തര പരിഗണന അര്‍ഹിക്കുന്നതാണ്. ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍മൂലം സംജാതമായിട്ടുള്ള കടുത്ത പരിസ്ഥിതിനാശം ന്യായീകരണമര്‍ഹിക്കുന്നതല്ല. കിലോമീറ്ററുകളോളം ഭാഗങ്ങളില്‍ തീരം ഇല്ലാതാവുകയും കടല്‍ കയറി പുരയിടങ്ങളും റോഡുകളും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അതിജീവനത്തിനായും പരിസ്ഥിതിയുടെ സംരക്ഷണത്തിനായും സംഘടിക്കുന്നവരെ വികസന വിരോധികള്‍ ഇന്ന് മുദ്രകുത്തി അപമാനിക്കാനുള്ള സംഘടിതശ്രമങ്ങളും ഇവിടെ നടന്നുകൊണ്ടിരിക്കുന്നുവെന്ന് കുറെ വര്‍ഷങ്ങളായി വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അനുബന്ധിച്ച് തദ്ദേശീയര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ പരിഗണിക്കാനുള്ള വൈമുഖ്യം ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ അപമാനകരമാണ്.
അനേകര്‍ തങ്ങളുടെ ഭവനങ്ങള്‍ നഷ്ടപ്പെട്ട് വര്‍ഷങ്ങളായി അടിസ്ഥാനസൗകര്യം പോലുമില്ലാത്ത പുനരധിവാസകേന്ദ്രങ്ങളിലാണ് എന്നുള്ളതും, ഓരോ വര്‍ഷം കഴിയുംതോറും കൂടുതല്‍ കുടുംബങ്ങള്‍ ജീവനും സ്വത്തിനും കടുത്ത ഭീഷണി നേരിടുന്നു എന്നുള്ളതും തികഞ്ഞ യാഥാര്‍ഥ്യങ്ങളാണ്. ദിവസങ്ങളോളമായി നടന്നുവരുന്ന സമരത്തിനൊടുവില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ ശുഭകരമായ സമീപനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതും, മുഖ്യമന്ത്രിയുമായി ചര്‍ച്ച തീരുമാനിക്കപ്പെട്ടതും അഭിനന്ദനാര്‍ഹമാണ്. എങ്കിലും, വര്‍ഷങ്ങളായുള്ള പല വാഗ്ദാനങ്ങളും ഇതുവരെ നിറവേറ്റപ്പെടുകയോ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍വാഗ്ദാനങ്ങള്‍ നടപ്പിലാകാത്തിടത്തോളം കാലം സമരം തുടരും എന്ന നിലപാടാണ് സമരസമിതി സ്വീകരിച്ചിരിക്കുന്നത്.ഈ ഘട്ടത്തില്‍ നിലനില്‍പ്പിനു വേണ്ടി പോരാടുന്ന തീരദേശവാസികള്‍ക്കും അവരുടെ പോരാട്ടത്തിന് നേതൃത്വം നല്കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതക്കും കേരള കത്തോലിക്കാമെത്രാന്‍ സമിതി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും നേതൃത്വം അറിയിച്ചു.