തലാഖിലൂടെ വിവാഹ മോചനം: പ്രഥമദൃഷ്ട്യാ തെറ്റില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തലാഖി(തലാഖ്-ഇ-ഹസന്‍)ലൂടെ വിവാഹ മോചനം നടത്തുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റൊന്നും കാണാനാകുന്നില്ലെന്നു സുപ്രീംകോടതി.പുരുഷന്മാര്‍ തലാഖിലൂടെ വിവാഹ മോചനം നടത്തുന്നതു പോലെ സ്ത്രീകള്‍ക്ക് ‘ഖുല’യിലുടെ വിവാഹ മോചനം നേടാമെന്നു ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, എം.എം. സുന്ദരേഷ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. വിഷയം എതെങ്കിലും അജന്‍ഡയ്ക്ക് കാരണമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.തലാഖും മുത്തലാഖും ഒരുപോലെയല്ല.

തലാഖ്-ഇ-ഹസന്‍ പ്രകാരം മാസത്തിലൊന്നെന്ന നിലയില്‍ മൂന്നു മാസം കൂടുമ്പോള്‍ മൂന്നു തവണ തലാഖ് നല്‍കിയാണു വിവാഹമോചനമുണ്ടാകുന്നത്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒന്നിച്ചു ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരം കോടതി വിവാഹമോചനം നല്‍കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.രണ്ട് വ്യക്തികള്‍ക്ക് ഒരുമിച്ചു ജീവിക്കാനാത്ത സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കാം. തലാഖിലൂടെ വിവാഹമോചനം നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക ബേനസീര്‍ ഹീന നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ പരാമര്‍ശങ്ങള്‍. തലാഖിന്റെ ഇരയാണു താനെന്നു പറഞ്ഞു ഹീന സമര്‍പ്പിച്ച ഹര്‍ജിയില്‍ വിവാഹമോചനത്തിനുപൊതുവായ മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു വിധിച്ച കോടതി തലാഖ്-ഇ-ഹസന്റെ കാര്യത്തില്‍ തീരുമാനമറിയിച്ചിട്ടില്ലെന്നു ഹീനയുടെ അഭിഭാഷക പിങ്കി ആനന്ദ് പറഞ്ഞു. കേസ് വിശദമായ വാദത്തിന് ഈ മാസം 29ലേക്കു മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →