തിരുവനന്തപുരം : ഇടവേളക്കുശേഷം വീണ്ടും ഗവർറും സർക്കാരും തമ്മിൽ നേർക്കുനേർ പോരിന് കളമൊരുങ്ങുന്നു. കേരള വൈസ്‌ചാൻസലർ നിയമനത്തിനായി സർവകലാശാല നോമിനിയെ ഒഴിച്ചിട്ട് ഗവർണർ സെർച്ച് കമ്മറ്റി ഉണ്ടാക്കി.വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാനുളള ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് സ്വന്തം നോമിനിയെ വച്ച് ഗവർണർ ഉത്തരവിറക്കിയത്. സർക്കാരിന് താൽപര്യമുളള വ്യക്തിയെ വിസിയാക്കി സെർച്ച് കമ്മറ്റിയിൽ ഗവർണർക്കുളള അധികാരം കവർന്നുളള ഓർഡിനൻസ് ഇറക്കാനുളള സർക്കാർനടപടി അന്തിമഘട്ടത്തിലാണ്. നിയമ വകുപ്പു നൽകുന്ന ശുപാർശ പരിഗണിച്ച് മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കാനിരിക്കെയാണ് രാജ്‌ഭവന്റെ അതിവേഗനീക്കം.
2022 ഓഗസ്‌റ്റ് 4നാണ് ഒഴിവുവരുന്ന വിസ് നിയമനത്തിനായി ഗവർണർ സെർച്ച് കമ്മറ്റി രൂപീകരിച്ചത്. ഗവർണറുടെ നോമിനി കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ.ദേബാശിഷ് ചാറ്റർജിയാണ്. യുജീസി നോമിനി കർണാടകയിലെ കേന്ദ്രസർവകലാശാല വിസി പ്രോഫ: ബട്ടുസത്യനാരായണ. സർവകലാശാലയുടെ നോമിനിയെ ഒഴിച്ചിട്ടാണ് സെർച്ച് കമ്മറ്റി രൂപീകരിച്ചുളള ഉത്തരവിറങ്ങിയിരിക്കുന്നത്
സർവ്വകലാശാല നോമിനിയായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വികെ രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്വയം ഒഴിവായതായി ഗവർണ്ണറെ സർവ്വകലാശാല അറിയിക്കുകയായിരുന്നു. ഓർഡിനൻസ് ഇറങ്ങും വരെ കാത്തിരിക്കാനായിരുന്നു സർക്കാറിൻറെയും സർവ്വകലാശാലയുടേയും നീക്കം. അതിനിടെയാണ് സർക്കാറിനെ വെട്ടിലാക്കിയുള്ള ഗവർണ്ണറുടെ നീക്കം.
ഗവർണ്ണറുടെ ഉത്തരവ് സർക്കാറിന് മറികടക്കുക പ്രയാസമാണ്. നിലവിൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണ്ണറുടേയും യുജിസിയുടേയും സർവ്വകലാശാലയുടേയും നോമിനികളാണുള്ളത്. ഇതിൽ ഗവർണ്ണറുടെ നോമിനിയായി സർക്കാർ പ്രതിനിധിയെ വെച്ചുകൊണ്ട് ഓർഡിനൻസ് ഇറക്കാനാണ് ശ്രമം. അത് വഴി സർക്കാറിന് ഇഷ്ടമുള്ളയാളെ വിസിയാക്കാനായിരുന്നു ശ്രമം. ഇനി ഓർഡിനൻസ് ഇറക്കിയാലും കേരള വിസി നിയമനത്തിൽ പ്രാബല്യം ഉണ്ടാകില്ല

