ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി. പരിശോധനയ്ക്ക് ശേഷം യങ് ഇന്ത്യന്‍ ഓഫീസ് സീല്‍ ചെയ്തു. രണ്ടു ദിവസം നീണ്ട പരിശോധനയ്ക്കുശേഷമാണു നടപടി. അനുവാദമില്ലാതെ ഓഫീസ് തുറക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് ഹൗസിലാണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയും പാര്‍ട്ടി ആസ്ഥാനവും പോലീസ് വലയത്തിലാക്കി. പാര്‍ട്ടിക്കു നേരെയുള്ള ആക്രമണമാണു നടക്കുന്നതെന്നു മുതിര്‍ന്ന നേതാക്കള്‍ ട്വീറ്റ് ചെയ്തു. പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമ്മര്‍ദങ്ങളെ തള്ളിക്കളയാന്‍ ആഹ്വാനം ചെയ്തു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ്വിജയ് സിങ്, സല്‍മാന്‍ ഖുര്‍ഷിദ്, പി. ചിദംബരം, ജയറാം രമേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ 04/08/2022 രാവിലെ 9.45 നു പാര്‍ട്ടി ആസ്ഥാനത്തു കോണ്‍ഗ്രസ് എം.പിമാര്‍ യോഗം ചേരും. വിഷയത്തില്‍ ഇന്നു പാര്‍ലമെന്റില്‍ അടിയന്തരപ്രമേയം കൊണ്ടുവരാനും പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്. ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നതിനെതിരേയും വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയില്‍ പ്രതിഷേധിച്ചും നാളെ എം.പിമാര്‍ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്തും. മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതി ഘരാവോ ചെയ്യാനും ധാരണയുണ്ട്. ഈ രണ്ട് പ്രതിഷേധങ്ങള്‍ക്കും അനുമതി നിഷേധിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു.സോണിയാ ഗാന്ധിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതിനു പിന്നാലെയാണ് യങ് ഇന്ത്യന്‍ ഓഫീസില്‍ ഇ.ഡി. സംഘമെത്തിയത്. കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി. 50 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. യങ്് ഇന്ത്യന്‍ ഓഫീസ് അടക്കം 11 കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. നേതാക്കളെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫണ്ടുകള്‍ കൈമാറിയതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായിരുന്നു റെയ്െഡന്ന് ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു.

