അഞ്ച് വര്‍ഷത്തിനിടെ 3,339.49 കോടി രൂപ പരസ്യത്തിനായി ചെലവഴിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് വന്‍ തുക. അച്ചടി മാധ്യമങ്ങള്‍ക്ക് 1,736 കോടി രൂപയുടെയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് 1,569 കോടി രൂപയുടെയും ഉള്‍പ്പെടെ 3,339.49 കോടി രൂപയുടെ പരസ്യങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്. രാജ്യസഭയില്‍ കോണ്‍ഗ്രസ് എം പി. ജി സി ചന്ദ്രശേഖര്‍ ഉന്നയിച്ച ചോദ്യത്തിന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വര്‍ഷാടിസ്ഥാനത്തിലെ കണക്കെടുത്താല്‍, 2017-18ല്‍ അച്ചടി മാധ്യമത്തിന് 636.36 കോടിയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് 468.92 കോടിയും പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു. 2018-19ല്‍ അച്ചടി മാധ്യമം: 429.55 കോടി, ഇലക്ട്രോണിക് മാധ്യമം: 514.28 കോടി. 2019-20ല്‍ യഥാക്രമം 295.05 കോടി, 317.11 കോടി. 2020-21ല്‍ 197.49 കോടി, 167.86 കോടി. 2021-22ല്‍ 179.04 കോടി, 101.24 കോടി എന്നിങ്ങനെയാണ് കണക്ക്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ 12 വരെ അച്ചടി മാധ്യമങ്ങള്‍ക്ക് 19.26 കോടിയുടെയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് 13.6 കോടിയുടെയും പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. മന്ത്രാലയം തിരിച്ചുള്ള ചെലവുകളുടെ കണക്കും മന്ത്രി നല്‍കി. 2017 മുതല്‍ 2022 ജൂലൈ 12 വരെയുള്ള കണക്കുകള്‍ പ്രകാരം ധനമന്ത്രാലയമാണ് പരസ്യങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിച്ചത്- 615.07 കോടി. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ടാമതും (506 കോടി), ആരോഗ്യ മന്ത്രാലയം മൂന്നാമതു (411 കോടി) മാണ്. പ്രതിരോധ മന്ത്രാലയം: 244 കോടി, വനിതാ ശിശുക്ഷേമ മന്ത്രാലയം: 195 കോടി, ഗ്രാമവികസന മന്ത്രാലയം: 176 കോടി, കൃഷി മന്ത്രാലയം: 66.36 കോടി, തൊഴില്‍ മന്ത്രാലയം 42 കോടി എന്നിങ്ങനെയാണ് മറ്റ് വകുപ്പുകള്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ കണക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →