കുരങ്ങുപനി: ആശങ്ക വേണ്ടെന്ന് വീണാ ജോര്‍ജ്

കണ്ണൂര്‍: കുരങ്ങുപനി രോഗബാധയില്‍ സംസ്ഥാനത്ത് ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ഗവ. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്ത് നിലവില്‍ രോഗബാധിതരായ മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. 21 ദിവസമാണ് നിരീക്ഷണകാലാവധി. സമ്പര്‍ക്ക പട്ടികയിലുള്ളവരെല്ലാം നെഗറ്റീവാണ്. രോഗലക്ഷണങ്ങളില്ലെങ്കിലും ഇവരും നിരീക്ഷണത്തിലാണ്. രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും സമ്പര്‍ക്കത്തിലായ കുടുംബാംഗങ്ങളുടെയും സാംപിളുകള്‍ നിശ്ചിത ദിവസ ഇടവേളകളില്‍ പരിശോധിക്കുന്നുണ്ട്. വിദേശത്ത് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ സംസ്ഥാനത്തും കടുത്ത ജാഗ്രത ഏര്‍പ്പെടുത്തിയിരുന്നതായും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം