കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ (പൾസർസുനി) പിടിക്കപ്പെട്ട ഉടൻ നടൻ ദിലീപിന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. പൾസർ സുനിയുടെ മാതാവ് ശോഭനയുടെ രഹസ്യമൊഴിയാണിത്. ജയിലിനുള്ളിലും മകന്റെ ജീവൻ അപകടത്തിലാണ് എന്നു മനസ്സിലാക്കിയത് കൊണ്ടാണ് ഇക്കാര്യങ്ങൾ കോടതിയോട് വെളിപ്പെടുത്തിയത് എന്നാണ് ശോഭന പറഞ്ഞത്.
ജയിലിനുള്ളിൽ അപായപ്പെടുത്തിയാൽ കോടതിക്ക് കൈമാറണമെന്ന് പറഞ്ഞു പൾസർസുനി ഏൽപിച്ചിരുന്ന കത്തും ശോഭന അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. 2017 ഫെബ്രുവരി 17നാണു കുറ്റകൃത്യം നടക്കുന്നത്. ഫെബ്രുവരി 23 ന് സുനി അറസ്റ്റിലായി. പിന്നീട് 2018 പകുതിയോടെ കോടതിയിൽ ഹാജരാക്കിയ ഘട്ടത്തിലാണ് സുനി എഴുതിക്കൊണ്ടുവന്ന കത്ത് ശോഭനയെ ഏൽപിച്ചത്. വിചാരണക്കോടതി കേസ് നാളെ പരിഗണിക്കും

