ന്യൂഡൽഹി∙ നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിക്കു കൈമാറും.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കേസിന്റെ തുടർവിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിൽ നിന്ന് ബെംഗളൂരുവിലെ സമാന കോടതിയിലേക്ക് മാറ്റണമെന്ന ഹർജിയിലാണ് ഇഡി സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.
കേസിലെ മൂന്നാം പ്രതി സന്ദീപ് നായരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നാലാം പ്രതിയുമായ എം.ശിവശങ്കർ സ്വാധീനിച്ചതായും ഇഡി കോടതിയെ അറിയിച്ചു. സ്വപ്നയുടെ മൊഴി പരസ്യമാക്കില്ല. മുദ്രവച്ച കവറിലാകും മൊഴി കോടതിയിൽ സമർപ്പിക്കുക. ജൂൺ 6, 7 തീയതികളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയത്. രഹസ്യമൊഴിയുടെ പകർപ്പ് ഇഡി നേരത്തേ പരിശോധിച്ചിരുന്നു