റെനില്‍ അധികാരമേറ്റതിന് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ക്യാംപില്‍ റെയ്ഡ്

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ അധികാരമേറ്റതിന് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന ക്യാംപില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നൂറുകണക്കിന് സൈനികരും പോലിസുകാരും സംഘടിച്ചെത്തിയാണ് റെയ്ഡ് നടത്തിയത്. നിരായുധരായ പ്രക്ഷോഭകരുടെ ടെന്റുകള്‍ സൈന്യം പൊളിച്ചുനീക്കി. 22/07/22 വെള്ളിയാഴ്ച വൈകീട്ടോടെ പ്രസിഡന്റിന്റെ കൊട്ടാരം ഒഴിഞ്ഞുകൊടുക്കുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സൈനിക ഇടപെടലുണ്ടായത്.

ലാത്തികളുമായെത്തിയ പോലിസ് പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ പ്രധാന കവാടം തടസ്സപ്പെടുത്തി പ്രതിഷേധക്കാര്‍ സ്ഥാപിച്ച ബാരിക്കേഡുകളും നീക്കി. പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ സൈന്യം പ്രതിഷേധക്കാരോട് കൊട്ടാരത്തില്‍നിന്ന് പിന്‍മാറാനും തങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഒരുമിച്ചുകൂടാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ടെന്റുകള്‍ തകര്‍ത്ത സൈന്യം നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും റിപോര്‍ട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സൈന്യം ക്യാംപുകളില്‍ ആക്രമണം നടത്തിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. റെനില്‍ വിക്രമസിംഗെ ഞങ്ങളെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ അത് വീണ്ടും ചെയ്യുന്നു.

Share
അഭിപ്രായം എഴുതാം