ഇടുക്കി: വനസംരക്ഷണത്തിന്റെ പേരില്‍ വനം വകുപ്പ് നടത്തുന്ന കളികള്‍ പുറത്താകുന്നു. സാമൂഹ്യ വനവല്‍ക്കരണം അടക്കം ഫണ്ടുകള്‍ ചിലവിടാന്‍ റവന്യൂ ഭൂമിയില്‍ പ്ലാന്റേഷന്‍ ആരംഭിക്കുകയും ഒടുവില്‍ പരിസരത്തെ കൃഷിക്കാരുടെ ഭൂമികൂടി വനമാക്കി മാറ്റി മുന്നേറുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ താല്‍പര്യങ്ങളും അതുമൂലം താമസക്കാര്‍ അനുഭവിക്കുന്ന ദ്രോഹങ്ങളും മറനീക്കി പുറത്തുവന്ന കാഴ്ചയാണ് ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയില്‍.
ചെങ്കുളം പദ്ധതിക്കായി കുടിയൊഴിപ്പിച്ച് ഏറ്റെടുത്ത റവന്യൂ ഭൂമിയില്‍ മുഴുവനും പദ്ധതിക്ക് വിനിയോഗിച്ചില്ല. ഇങ്ങനെ കിടന്ന റവന്യൂ ഭൂമി വനംവകുപ്പിന് കൈമാറാതെ തന്നെ അതില്‍ യൂക്കാലി പ്ലാന്റേഷന്‍ തുടങ്ങുകയായിരുന്നു. വനംവകുപ്പ് യൂക്കാലി പ്ലാന്റേഷന്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിക്ക് ഭൂമി കൊടുത്തിരുന്നു. ഈ ആവശ്യത്തിന് റവന്യൂ ഭൂമി കൈയേറുകയായിരുന്നു. വെറുതെ കിടക്കുന്ന സ്ഥലത്ത് സാമൂഹ്യ വനവല്‍ക്കരണം നടത്തുന്നു എന്ന മട്ടിലായിരുന്നു ഇത്. പ്ലാന്റേഷന്‍ അവസാനിക്കുക മാത്രമല്ല വനംവകുപ്പ് യൂക്കാലി വച്ച് നശിപ്പിച്ച പ്രദേശങ്ങളില്‍ നിന്ന് മരക്കുറ്റികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പിഴുതുമാറ്റാന്‍ വന്‍ തുക ചിലവിട്ട് പദ്ധതി ആരംഭിച്ചിട്ടുമുണ്ട്.
ഈ റവന്യൂ ഭൂമിയാണ് ഇപ്പോള്‍ വനമാക്കി പ്രഖ്യാപിക്കുന്നത്.
ഇതേ മാതൃകയില്‍ പെരിഞ്ചാംകുട്ടിയിലും ചിന്നക്കനാലിലും റവന്യൂ ഭൂമിയില്‍ വനം വകുപ്പ് കയ്യേറ്റം നടത്തിയിട്ടുണ്ട്. രണ്ടിടത്തും യൂക്കാലി, മുള എന്നിവ വച്ച് പിടിപ്പിക്കാന്‍ ആയി കയ്യേറുകയും ആദിവാസികളെയും കര്‍ഷകരെയും തള്ളിനീക്കുകയുമാണ് ഉണ്ടായത്.
ചിന്നക്കനാലില്‍ കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിച്ചും വന നിയമങ്ങള്‍ വിനിയോഗിച്ച് കേസെടുത്തും ഉപദ്രവിച്ചും ഭൂമി പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം ആദിവാസികളെ പുനരധിവസിപ്പിച്ച ഇവിടുത്തെ നല്ല പങ്ക് ആദിവാസികളെയും ദ്രോഹിച്ച് അവിടെനിന്നോടിച്ചു. വഴി, വൈദ്യുതി, കുടിവെള്ള വിതരണം, വീട്, കൃഷി എന്നിവയ്ക്ക് തടസ്സം നിന്നും ഭീഷണിപ്പെടുത്തിയും ആണ് ആദിവാസികളെ ഓടിച്ചത്. ആന ത്താരയും ആനപ്പാര്‍ക്കും പ്രഖ്യാപിച്ച് ശേഷിക്കുന്നവരെ കൂടി നീക്കം ചെയ്യാനുള്ള പരിപാടിക്കെതിരെ അവിടെ നാട്ടുകാരും ആദിവാസികളും സമരത്തിലാണ്.
പെരുഞ്ചാംകുട്ടിയില്‍ നിയമവിരുദ്ധമായി കുടിയൊഴിപ്പിച്ച 158 കുടുംബങ്ങളെ ഒരേക്കര്‍ ഭൂമി നല്‍കി കുടിയിരുത്തുവാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ബിനാമി സംഘടനയെ കൊണ്ട് സുപ്രീംകോടതിയില്‍ കേസ് കൊടുപ്പിച്ച് മന്ത്രിസഭ തീരുമാനം നടപ്പാക്കുന്നത് തടഞ്ഞിരിക്കുകയാണ്.
വിവിധ ഫണ്ടുകള്‍ ചിലവഴിക്കാന്‍ റവന്യൂ ഭൂമി കയ്യേറുകയും സാമൂഹ്യ വനവല്‍ക്കരണം പോലും മറയാക്കി താമസക്കാരുടെ ഭൂമി പിടിച്ചെടുക്കുകയും ആണ് ചെയ്യുന്നതെന്ന് സംഘടനകള്‍ ആരോപിക്കുന്നു.
അറിയിപ്പ്
കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.