ഗ്വാളിയാര്‍ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ബാല വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. 11 കാരിയെ വിവാഹം ചെയ്ത 21 കാരന്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഇടനിലക്കാരന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമം, പോക്സോ വകുപ്പ് എന്നിവ ചേര്‍ത്ത് കേസെടുത്തു.ഗ്വാളിയാറിലെ ചിന്നൗര്‍ സ്വദേശിയായ പെണ്‍കുട്ടിയെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് നിര്‍ബന്ധിച്ച് 21കാരനെക്കൊണ്ട് വിവാഹം ചെയ്യിക്കുകയായിരുന്നു. കല്യാണത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ സഹോദരനാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് അന്വേഷണത്തില്‍ ഇവര്‍ ഗിര്‍ഗാവിലുള്ള ഒരു ഫാമിലുണ്ടെന്ന് കണ്ടെത്തുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.